'' വീണയെ വേട്ടയാടുന്നത് എന്റെ മകളായതിനാല്‍; എന്റെ രക്തം അത്ര വേഗം നിങ്ങള്‍ക്ക് കിട്ടില്ല'': മാധ്യമങ്ങളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ''കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്കു വേണ്ടത് എന്റെ രക്തമാണ്. അത്ര വേഗത്തില്‍ അതു കിട്ടില്ല. ചില മാധ്യമങ്ങള്‍ക്കു സാമാന്യ ബുദ്ധിയില്ല. മകളുടെ കമ്പനി നല്‍കിയ സേവനത്തിനു കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകള്‍ പ്രകാരം വന്നതല്ലേ. അതിനു നല്‍കേണ്ട ആദായനികുതി, ജിഎസ്ടി എന്നിവ കൃത്യമായി നല്‍കിയതാണ്. രേഖ പ്രകാരമുള്ളതാണ്. അതു മറച്ചുവെച്ചുകൊണ്ടാണ് കാര്യങ്ങള്‍ പറയുന്നത്. നല്‍കാത്ത സേനത്തിനാണ് പ്രതിഫലം എന്നു പറഞ്ഞാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നല്‍കിയ സേവനത്തിനാണ് പ്രതിഫലമെന്നു മകളുടെ കമ്പനിയും സിഎംആര്‍എല്ലും പറയുന്നു. ഇതൊന്നും അത്ര വേഗത്തില്‍ അവസാനിക്കില്ല''-പിണറായി പറഞ്ഞു.