ആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്‍

Update: 2025-06-18 13:56 GMT

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ആര്‍എസ്എസ് ചിത്രങ്ങള്‍ക്കു മുന്നില്‍ ചിലര്‍ താണുവണങ്ങിയ നില കേരളം കണ്ടതാണ്. ഒരു വര്‍ഗീയതയെയും ഒപ്പം നിര്‍ത്താന്‍ സിപിഎം തയാറായിട്ടില്ല. ആര്‍എസ്എസ് ശാഖയ്ക്കു കാവല്‍ നിന്നത് ആരാണ്. പഴയ കെപിസിസി പ്രസിഡന്റല്ലേ അത് പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് എതിരെ കളിച്ച കളിയും കേരളം കണ്ടതാണ്. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആര്‍എസ്എസ്. അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തില്‍ ഗവര്‍ണറെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയപ്രചാരണത്തിന്റെ വേദിയാക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതാംബയെ അംഗീകരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നല്ല ഭാരതാംബ എന്ന ചിത്രീകരണം. ഭാരതാംബയുടെ കൈയിലെ കൊടി ആര്‍എസ്എസിന്റേതാണെന്ന് പരസ്യമായി അംഗീകരിച്ചു കഴിഞ്ഞല്ലോ. ആര്‍എസ്എസിന്റെ ചിഹ്നങ്ങളെ ആര്‍എസ്എസുകാര്‍ ബഹുമാനിക്കും. അതു വേണ്ടെന്നു പറയുന്നില്ല. പക്ഷെ അത് എല്ലാവരും അംഗീകരിക്കണം എന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.