മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും ഖബ്‌റുകള്‍ തിഹാര്‍ ജയിലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഹരജി
ന്യൂഡല്‍ഹി: മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും ഖബ്‌റുകള്‍ തിഹാര്‍ ജയിലില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. വിശ്വ വേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. സര്‍ക്കാരിന് കീഴിലുള്ള ജയിലില്‍ ഈ ഖബ്‌റുകള്‍ തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൊതുതാല്‍പര്യത്തിന് എതിരാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. ജയിലിലുള്ള മറ്റു തടവുകാര്‍ ഈ ഖബ്‌റുകള്‍ക്ക് സമീപം പ്രാര്‍ത്ഥിക്കുന്നതായും ഹരജിക്കാര്‍ ആരോപിക്കുന്നു.
ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിന്നും വേര്‍പിരിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടനയുടെ സ്ഥാപക നേതാവായാണ് മുഹമ്മദ് മഖ്ബൂല്‍ ഭട്ട് വിലയിരുത്തപ്പെടുന്നത്. വിവിധ കേസുകളിലായി രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭട്ടിന്റെ ശിക്ഷ 1984 ഫെബ്രുവരി 11ന് നടപ്പാക്കി. 2001ല്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയാണെന്ന് ആരോപിച്ചാണ് 2013 ഫെബ്രുവരി 13ന് മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്.