രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ചിത്രം പ്രചരിക്കുന്നു; പരാതി
തിരവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പരാതിക്കാരിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ യുവതി പോലിസില്‍ പരാതി നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ഭാരതീയ ശിക്ഷാ നിയമത്തിലെ 72ാം വകുപ്പ് പ്രകാരം ബലാല്‍സംഗ പരാതി നല്‍കിയ സ്ത്രീയെ തിരിച്ചറിയാവുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. സോഷ്യല്‍ മീഡിയ അടക്കം എല്ലാതരം മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഈ വ്യവസ്ഥയുള്ളതിനാല്‍ കോടതികളും വിധികളിലും മറ്റു രേഖകളിലും ഇര എന്നോ പരാതിക്കാരി എന്നോ മാത്രമാണ് എഴുതാറ്. പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രമേ പരാതിക്കാരിയെ തിരിച്ചറിയാവുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാവൂയെന്നും വ്യവസ്ഥയുണ്ട്. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ ബലാല്‍സംഗക്കേസിലെ പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് ശേഷം താനാണ് ഇരയെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.