ഇറാനെതിരായ യുദ്ധം: ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിലിപ്പീന്‍സ്
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധത്തെ തുടര്‍ന്ന് ഇന്ധന ലഭ്യത കുറഞ്ഞതോടെ ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിലിപ്പീന്‍സ്. ഇറാനെതിരായ യുദ്ധം ആഭ്യന്തര ഇന്ധന വിതരണത്തിനും ഊര്‍ജ്ജ സ്ഥിരതയ്ക്കും ഉണ്ടാകുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറാണ് ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
'പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി രാജ്യത്തിന്റെ ഊര്‍ജ്ജ വിതരണത്തിന്റെ ലഭ്യതയ്ക്കും സ്ഥിരതയ്ക്കും മേല്‍ ഉയര്‍ന്നുവരുന്ന ആസന്നമായ അപകടത്തിന്റെയും വെളിച്ചത്തില്‍ ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ ഇതിനാല്‍ പ്രഖ്യാപിക്കുന്നു,' അദ്ദേഹം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറഞ്ഞു.
ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയിലിന്റെ വില വീണ്ടും വര്‍ധിച്ചു. യൂദ്ധം അനിശ്ചിതമായി നീളുന്നത് ഇന്ത്യ ഉള്‍പ്പടെ ലോക രാജ്യങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.