രാജ്യത്തെ ഐഐടികളില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 65 വിദ്യാര്‍ഥികള്‍
മുംബൈ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ഭൂമിശാസ്ത്ര വകുപ്പിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രാജസ്ഥാന്‍ സ്വദേശി രാംസ്വരൂപ് ഈശ്വരമാണ് ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്നും ചാടി മരിച്ചത്. ഇതോടെ ഐഐടികളിലെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. 2021 മുതല്‍ 2025 വരെയുള്ള കാലത്ത് രാജ്യത്തെ ഐ ഐടികളില്‍ 65 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് പൂര്‍വവിദ്യാര്‍ഥി സംഘടനാ നേതാവായ ധീരജ് സിങ് ആവശ്യപ്പെട്ടു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പരിഹാരങ്ങളുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 23 ഐഐടികളില്‍ നടന്ന ആത്മഹത്യകളില്‍ 30 ശതമാനവും കാണ്‍പൂര്‍ ഐഐടിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023ല്‍ രാജ്യത്ത് 13,000 സ്‌കൂള്‍ വിദ്യാര്‍ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.