വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ഹരജികളില്‍ വിധി തിങ്കളാഴ്ച

Update: 2025-09-13 15:00 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ തിങ്കളാഴ്ച വിധി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ഡല്‍ഹി എഎപി എംഎല്‍എ അമാനത്തുല്ലാ ഖാന്‍, എപിസിആര്‍, ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദ്‌രി, തയ്യാബ് ഖാന്‍ സല്‍മാനി, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, മുസ്‌ലിം ലീഗ്, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ്, സിപിഐ, ഡിഎംകെ തുടങ്ങിയവര്‍ നല്‍കിയ ഹരജികളിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക.

ഉപയോഗം വഴിയുള്ള വഖ്ഫ് ഇല്ലാതാക്കല്‍, വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡിലും അമുസ്‌ലിംകളെ ഉള്‍പ്പെടുത്തല്‍, അഞ്ച് വര്‍ഷം ഇസ്‌ലാം പ്രാക്ടീസ് ചെയ്തവര്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാവൂ, വഖ്ഫ് തര്‍ക്കങ്ങളില്‍ പരാതി നല്‍കാനുള്ള കാലാവധി ചുരുക്കല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് കീഴിലുള്ള സ്വത്തുക്കളുടെ വഖ്ഫ് പദവി മാറ്റല്‍, ആദിവാസി പ്രദേശങ്ങളില്‍ വഖ്ഫ് പാടില്ല, പുതിയ വഖ്ഫ് പോര്‍ട്ടല്‍ എന്നിവയെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നത്.