ശംസി ശാഹീ മസ്ജിദ് നിര്‍മിച്ചത് ശിവക്ഷേത്രം പൊളിച്ചാണെന്ന ഹരജിയില്‍ വാദം തുടങ്ങി; 850 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്

അന്യായം നിയമപരമായി നിലനില്‍ക്കില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

Update: 2024-12-01 01:32 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബദായൂനിലെ 850 വര്‍ഷം പഴക്കമുള്ള ശംസി ശാഹീ മസ്ജിദില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വര്‍ നല്‍കിയ സ്വകാര്യ ന്യായത്തില്‍ വാദം തുടങ്ങി. നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപിച്ച് 2022ല്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് മുകേഷ് പട്ടേല്‍ നല്‍കിയ അന്യായമാണ് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) അമിത് കുമാര്‍ സിങ് പരിഗണിക്കുന്നത്. പള്ളി നിലനില്‍ക്കുന്ന പ്രദേശത്ത് പ്രാര്‍ത്ഥിക്കാന്‍ സനാതന മതവിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നും പള്ളിയില്‍ സര്‍വേ നടത്താന്‍ ഉത്തരവിടണമെന്നുമാണ് ആവശ്യം. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

നീലകണ്ഠ മഹാദേവ് മഹാരാജിന്റെ പുരാതനമായ ഇശാന്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന് പരാതിക്കാര്‍ വാദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പള്ളിയുമായി ബന്ധപ്പെട്ട് ഇറക്കിയ പുസ്തകവും ഇതിന് തെളിവായി നല്‍കിയിട്ടുണ്ട്. കേസിലെ ആദ്യ വാദി നീലകണ്ഠ മഹാദേവ് മഹാരാജാണെന്ന് ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, പള്ളിക്ക് 850 വര്‍ഷം പഴക്കമുണ്ടെന്നും ക്ഷേത്രം പൊളിച്ചല്ല നിര്‍മിച്ചതെന്നും മസ്ജിദ് കമ്മിറ്റി ഇന്നലെ കോടതിയെ അറിയിച്ചു. രാജ്യത്തെ ആരാധനാലയങ്ങളുടെ ഉടമസ്ഥതയുടെ തല്‍സ്ഥിതി 1947 ആഗസ്റ്റ് 15ന്റെ അടിസ്ഥാനത്തില്‍ തുടരണമെന്ന നിയമമുള്ളതിനാല്‍ അന്യായം നിയമപരമായി നിലനില്‍ക്കില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. കേസില്‍ മസ്ജിദ് കമ്മിറ്റിയുടെയും വഖ്ഫ് ബോര്‍ഡിന്റെയും വാദം പൂര്‍ത്തിയായിട്ടുണ്ട്.

ബദായൂന്‍ നഗരത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ സോത മൊഹല്ലയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ 23,500 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കാന്‍ സൗകര്യമുണ്ട്. രാജ്യത്തുള്ള പള്ളികളില്‍ പഴക്കത്തില്‍ മൂന്നാം സ്ഥാനവും വലിപ്പത്തില്‍ ഏഴാം സ്ഥാനവുമാണ് ഈ പള്ളിക്കുള്ളത്.

അടിമവംശത്തിന്റെ രാജാവായിരുന്ന ഷംസുദ്ദീന്‍ ഇല്‍തുംഷിന്റെ മകനായ റുക്‌നുദ്ദീന്‍ ഫൈറൂസിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പള്ളി നിര്‍മിച്ചത്. എഡി 650ലാണ് ഈ പള്ളിയുടെ പണി പൂര്‍ത്തിയായത്. രാജഭരണ കാലത്ത് സ്ഥാപിച്ച ബോര്‍ഡ് ഇപ്പോളും പള്ളിയുടെ ഗെയിറ്റിലുണ്ട്. എഡി 1013ല്‍ നവാബായിരുന്ന ഖുത്ബുദ്ദീന്‍ ഫാറൂഖി പള്ളി നവീകരിച്ചു. ഖുത്ബുദ്ദീന്റെ മകനായ കിഷ് വാര്‍ ഖാന്‍ 1065ല്‍ പള്ളിയില്‍ അറ്റകുറ്റപണികള്‍ നടത്തി. ബദായൂനിലെ ഭരണാധികാരിയായ മൗലവി മുഹമ്മദ് റസിയുല്ല മിനാരത്തിലും അറ്റകുറ്റപണികള്‍ നടത്തി. പുരാവസ്തു ശാസ്ത്രത്തില്‍ ഏറെ തല്‍പരനായിരുന്ന ലാമ്പ് ബഹദൂര്‍ 1886ല്‍ ബദായൂന്‍ ഗവര്‍ണറായതോടെ പള്ളിക്ക് വേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തതായി ചരിത്രം പറയുന്നു.

Tags: