ശാന്തസമുദ്രത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ 95 ദിവസത്തിന് ശേഷം രക്ഷിച്ചു; പിടിച്ചു നിന്നത് പാറ്റകളെയും ആമകളെയും പക്ഷികളെയും ഭക്ഷിച്ച് (PHOTOS)

Update: 2025-03-16 03:03 GMT

ലിമ(പെറു): ശാന്തസമുദ്രത്തില്‍ കാണാതായ പെറുവില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളിയെ 95 ദിവസത്തിന് ശേഷം രക്ഷിച്ചു. മാക്‌സിമോ നാപ്പ എന്നയാളെയാണ് ഈക്വഡോറിന്റെ ഫിഷിങ് പട്രോള്‍ സംഘം രക്ഷിച്ചത്. പാറ്റകളെയും ആമകളെയും പക്ഷികളെയും ഭക്ഷിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് മാക്‌സിമോ നാപ്പ പറഞ്ഞു.


മാര്‍കോണ എന്ന പ്രദേശത്ത് നിന്ന് ഡിസംബര്‍ ഏഴിനാണ് മാക്‌സിമോ മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. രണ്ടാഴ്ച്ചക്കുള്ള ഭക്ഷണമാണ് കരുതിയിരുന്നത്. എന്നാല്‍, പത്താം ദിവസം കടല്‍ക്ഷോഭമുണ്ടായതിനെ തുടര്‍ന്ന് വഴിതെറ്റുകയായിരുന്നു. പെറു നാവികസേന ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, ഈക്വഡോറിന്റെ ഫിഷിങ് പട്രോള്‍ സംഘം കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു. മാര്‍കോണയില്‍ നിന്നും 1,094 കിലോമീറ്റര്‍ അകലെയാണ് ഇയാളെ കണ്ടെത്തിയത്.


'' എനിക്ക് മരിക്കാന്‍ ആഗ്രഹിമില്ലായിരുന്നു.'' പെറു-ഈക്വഡോര്‍ അതിര്‍ത്തിയിലെ പൈറ്റയില്‍ സഹോദരനെ കണ്ട ശേഷം മാക്‌സിമോ പറഞ്ഞു. ''ഞാന്‍ പാറ്റകളെയും കടല്‍പക്ഷികളെയും പിടികൂടി കഴിച്ചു. അവസാനമായി കഴിച്ചത് ആമകളെയായിരുന്നു. കുപ്പിയില്‍ ശേഖരിച്ച വെള്ളവും തീര്‍ന്നിരുന്നു. കഴിഞ്ഞ 15 ദിവസം ഭക്ഷണമൊന്നും കഴിച്ചില്ല. രണ്ട് മാസം പ്രായമുള്ള പേരക്കുട്ടിയെയും കുടുംബത്തെയും ഓര്‍ത്താണ് ഞാന്‍ ഇരുന്നത്. എല്ലാ ദിവസവും അമ്മയെ കുറിച്ച് ചിന്തിച്ചു. രണ്ടാമതൊരു അവസരം നല്‍കിയതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.''-മാക്‌സിമോ പറഞ്ഞു.



മാക്‌സിമോയെ രക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസം മങ്ങിത്തുടങ്ങിയ സമയത്താണ് അല്‍ഭുദം സംഭവിച്ചിരിക്കുന്നതെന്ന് മാതാവ് എലീന കാസ്‌ട്രോ പറഞ്ഞു. '' ദൈവമേ അവന്‍ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ ?. അവനെ കാണാനെങ്കിലും തിരികെ കൊണ്ടുവരണം എന്നാണ് ദൈവത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, എന്റെ പെണ്‍മക്കള്‍ക്ക് ഉറപ്പായിരുന്നു. മാക്‌സിമോ തിരിച്ചുവരും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു''- എലീന കാസ്‌ട്രോ പറഞ്ഞു.