സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരേ എതിര്‍പ്പുമായി പേഴ്‌സണല്‍ ലോ ബോര്‍ഡ്

സൂര്യ നമസ്‌കാരം സൂര്യ പൂജയാണെന്നും അത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും ബോര്‍ഡ് ഭാരവാഹികള്‍ വ്യക്തമാക്കി. സൂര്യ നമസ്‌കാര ചടങ്ങുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി അറിയിച്ചു

Update: 2022-01-04 17:25 GMT

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രംഗത്ത്. രാജ്യത്തുടനീളമുള്ള സ്‌കൂളില്‍ സൂര്യ നമസ്‌ക്കാരം നടത്തണമെന്ന് നിര്‍ദേശിച്ചത് മതവിരുദ്ധമായതിനാലാണ് എതിര്‍പ്പുയര്‍ത്തിയത്. സൂര്യ നമസ്‌കാരം സൂര്യ പൂജയാണെന്നും അത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും ബോര്‍ഡ് ഭാരവാഹികള്‍ വ്യക്തമാക്കി. സൂര്യ നമസ്‌കാര ചടങ്ങുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഖാലിദ് സൈഫുല്ലാഹ് റഹ്മാനി അറിയിച്ചു. ഇന്ത്യ മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങളും സംസ്‌കാരങ്ങളുമുള്ള ഇടമാണെന്നും അതിനനുസരിച്ചാണ് ഭരണഘടന തയാറാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രത്യേക മതത്തിന്റെ അധ്യാപനമോ ആചാരമോ മാത്രം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യ നമസ്‌കാരം നിര്‍വഹിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം കൊണ്ടുവന്നത്. 75 കോടിയുടെ സൂര്യ നമസ്‌കാര പദ്ധതി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്കുള്ള ആദരവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൂര്യ നമസ്‌കാരം പ്രതിദിനം 13 തവണയെന്ന നിലയില്‍ 21 ദിവസമാണ് നിര്‍വഹിക്കാനുള്ളത്. 2022 ജനുവരി ഒന്നിന് തുടങ്ങിയ പദ്ധതി ഫെബ്രുവരി 20 വരെയാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. 30 സംസ്ഥാനങ്ങള്‍, 21,814 സ്ഥാപനങ്ങള്‍, 10,05,429 വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ആയുഷ് മന്ത്രാലയം ജനുവരി മൂന്നിന് അറിയിച്ചിരുന്നു. ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ്, ഹാര്‍ട്ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ യോഗ സ്‌പോര്‍ട് ഫെഡറേഷന്‍, ഗീതാ പരിവാര്‍, ക്രീഡ ഭാരതി എന്നിവ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടത്തുന്നത്. 

Tags: