പെരിങ്ങമല സഹകരണ സംഘം അഴിമതി: ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം
തിരുവനന്തപുരം: പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം അഴിമതിയില്‍ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറല്‍ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു. ബിജെപി ഭരിച്ച സഹകരണ സംഘം 2013ല്‍ പൂട്ടുമ്പോള്‍ 4.16 കോടിയായിരുന്നു നഷ്ടം. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതിയംഗങ്ങള്‍ അതേ സംഘത്തില്‍നിന്ന് വായ്പ എടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് എസ് സുരേഷ് വായ്പയെടുത്തത്.
പ്രസിഡന്റായിരുന്ന ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാര്‍ 46 ലക്ഷം തിരിച്ചടയ്ക്കണമെന്നും ഉത്തരവ് പറയുന്നു. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒമ്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ്.
ഇതേ നേതാക്കള്‍ തന്നെയാണ് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് തിരുമല അനിലിനെയും കൈവിട്ടതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.
