മുസ്‌ലിം ഭൂരിപക്ഷ ഗ്രാമത്തിലെ 137 പേരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി പോലിസ്

Update: 2025-02-08 14:50 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ മാലിക്പൂര്‍ ഗ്രാമത്തിലെ 137 പേരെ ഒരുമിച്ച് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി പോലിസ്. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ മാലിക്പൂരില്‍ 72 വീടുകളാണുള്ളത്. ഇവിടത്തെ വയോധികരും ഭിന്നശേഷിക്കാരും വിദേശത്ത് ജോലി ചെയ്യുന്നവര്‍ അടക്കമുള്ളവരെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും പത്തുവര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നയാളും പട്ടികയിലുണ്ടെന്നും ഗ്രാമീണര്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാനെന്ന പേരില്‍ 1970ല്‍ കൊണ്ടുവന്ന ഗുണ്ടാനിയമം പ്രത്യേക തെളിവുകളൊന്നുമില്ലാതെ ആളുകളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, മാലിക്പൂരില്‍ മുസ്‌ലിംകളെ ആക്രമിക്കാനാണ് നിയമം ഉപയോഗിച്ചിരിക്കുന്നതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തനിക്ക് 75 വയസായെന്നും പരസഹായം കൂടാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വയോധികന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വര്‍ഗീയതല്ല കാരണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. മാലിക്പൂരിലെ ചിലര്‍ പ്രശ്‌നക്കാരാണെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്നും അതിനാലാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും അധികൃതര്‍ വാദിക്കുന്നു. എന്നാല്‍, സമീപത്തെ ഹിന്ദുഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.