കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡിടിവി സര്‍വേ

Update: 2026-01-21 04:34 GMT

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എന്‍ഡിടിവി സര്‍വേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സര്‍വേഫലം. 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കര്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്. ഏകദേശം 52 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം അല്ലെങ്കില്‍ വളരെ മോശം ആണെന്ന് അഭിപ്രായപ്പെട്ടു. 23.8 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പേര്‍ പിന്തുണ നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. 22.4 ശതമാനം പേരാണ് സതീശനെ പിന്താങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന ചോദ്യത്തിന് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് (22.4%). നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ശതമാനം പിന്തുണയോടെ രണ്ടാമതും സിപിഎം നേതാവ് കെ കെ ശൈലജ 16.9 ശതമാനം പിന്തുണയോടെ തൊട്ടുപിന്നാലെയുമുണ്ട്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനമാണ് പിന്തുണ. യുഡിഎഫിന് 32.7 ശതമാനവും എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.8 ശതമാനവും വോട്ടു ലഭിക്കുമെന്നും സര്‍വേഫലം പറയുന്നു. നേതൃത്വത്തിലുള്ള ജനപിന്തുണ പരിശോധിക്കുമ്പോള്‍, യുഡിഎഫ് നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, കെ സി. വേണുഗോപാല്‍ എന്നിവര്‍ക്ക് എല്‍ഡിഎഫ് നേതാക്കളേക്കാള്‍ ഉയര്‍ന്ന പിന്തുണയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.