പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി; ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് കീഴടങ്ങിയത്
കോട്ടയം: മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ ബിജെപി നേതാവ് പി സി ജോര്‍ജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി ജോര്‍ജ് എത്തിയത്. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിന് പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
രാവിലെ ജോര്‍ജിനെ തേടി പോലിസ് വീട്ടിലെത്തിയിരുന്നു. ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീട്ടിലെത്തുകയും ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നീക്കം തുടങ്ങിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ടുദിവസം സാവകാശം തേടിയിരുന്നു.
സംഘപരിവാര ചാനലായ ജനംടിവിയില്‍ ജനുവരി അഞ്ചിന് നടന്ന ചര്‍ച്ചയിലാണ് പി സി ജോര്‍ജ് മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.