എളുപ്പത്തില്‍ 'പ്രകോപിതനാവുമെങ്കില്‍' പി സി ജോര്‍ജിന് രാഷ്ട്രീയനേതാവാകാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിദ്വേഷ പ്രസംഗക്കുറ്റത്തിന് നിര്‍ബന്ധിത ജയില്‍ശിക്ഷയില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണെന്ന് ഹൈക്കോടതി. സംഘപരിവാര ചാനലായ ജനം ടിവിയിലൂടെ മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.
''ഇക്കാലത്ത്, മതം, ജാതി മുതലായവയെ അടിസ്ഥാനമാക്കി പ്രസ്താവനകള്‍ നടത്തുന്ന പ്രവണതയുണ്ട്. ഇവ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണ്. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണം'' -ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
വിദ്വേഷ പ്രസംഗക്കുറ്റങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിലവിലെ ശിക്ഷാവ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ''പിഴ അടച്ച് രക്ഷപ്പെടാന്‍ നിലവിലെ നിയമങ്ങള്‍ കുറ്റവാളികള്‍ക്ക് അവസരം നല്‍കുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1)(എ) (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മന:പൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍) എന്നിവയാണ് വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശിക്ഷാ വ്യവസ്ഥകള്‍. ഇതില്‍ രണ്ടിലും ജയില്‍ ശിക്ഷ നിര്‍ബന്ധമല്ല. തടവോ പിഴയോ വിധിക്കാന്‍ ജഡ്ജിമാര്‍ക്ക് വിവേചനാധികാരമുണ്ട്.''-കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായ സംഹിതയുടെ 196(1) (എ), 299 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്നുവര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണെന്നും കോടതി പറഞ്ഞു. ''രണ്ടാമതും കുറ്റം ചെയ്യുന്ന ആള്‍ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയില്ല. ഇത് ലോ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കേണ്ട കാര്യമാണ്. അതിനാല്‍, ഈ ഉത്തരവിന്റെ പകര്‍പ്പ് ലോ കമ്മീഷന്‍ ചെയര്‍മാന് അയച്ചുകൊടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയാണ്.''
ഹരജിക്കാരനായ പി സി ജോര്‍ജ് ആവര്‍ത്തിച്ച് വര്‍ഗീയപ്രസ്താവനകള്‍ നടത്തുകയാണെന്നും കോടതി പറഞ്ഞു. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകള്‍ നടത്തിയതിന് 2022ല്‍ ഹരജിക്കാരനെതിരെ കേസെടുത്തിരുന്നു. 2022ല്‍ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ വര്‍ഗീയ പ്രസംഗത്തില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങള്‍ ഹൈക്കോടതി ഈ വിധിയിലും പകര്‍ത്തി.
'' ഇന്ത്യ എന്ന ഹിന്ദുസ്ഥാനെ എത്രയും പെട്ടെന്ന് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മുസ്‌ലിംകള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്നു ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത് നല്‍കുന്നതായും മുസ്‌ലിംകള്‍ ഇന്ത്യ മഹാരാജ്യം പിടിച്ചടക്കാന്‍ ശ്രമിക്കുന്നതായും അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നതായും മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നതായും മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ പണം
തട്ടിയെടുക്കുന്നതിനുവേണ്ടി നടത്തുന്ന മാളുകളിലും മറ്റും ഹിന്ദുക്കള്‍ ഒരു രൂപ പോലും കൊടുക്കാന്‍ പാടില്ല എന്നും മറ്റും പ്രസംഗിക്കുന്നതായി കാണുകയും ടി പ്രസംഗം ഹിന്ദു-മുസ്‌ലിം സമുദായ അംഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്നതും പരസ്പരം വൈരമുണ്ടാക്കുന്നതും സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്നതുമാണ് എന്ന് എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ക്രൈം 677/2022 U/s 153A. I-P-C രജിസ്റ്റര്‍ ചെയ്യുന്നു. സംഭവസ്ഥലം ഇവിടെ നിന്നും 500 മീറ്റര്‍ വടക്ക് മാറിയാണ്.'
പിന്നീട് അതേവര്‍ഷം തന്നെ പാലാരിവട്ടത്തും വിദ്വേഷപ്രസംഗം നടത്തി. അതിന്റെ വിവരങ്ങളും വിധിയില്‍ പകര്‍ത്തിയിട്ടുണ്ട്.
''നബി തിരുമേനിയുടെ തുപ്പല്‍ ബര്‍ക്കത്താണ്, അത്തറാണ്,
സ്വര്‍ണ്ണ കള്ളക്കടത്ത്, ലൗ ജിഹാദ് എന്നിവ നടത്തുന്നത് മുസ്‌ലിം സമുദായ്ക്കാമാണ്, എംഡിഎംഎ മുതലായ മയക്കുമരുന്നുകള്‍ പിടിക്കപ്പെടുന്നത് കൂടുതലും മുസ്‌ലിം സമുദായക്കാരില്‍ നിന്നാണ്, മുസ്‌ലിം മത വിശ്വാസികള്‍ക്ക് മക്കക്ക് പോകാന്‍ ഗവണ്‍മെന്റ് സബ്‌സിഡി അനുവദിക്കുന്നു, ഹിന്ദു മത വിശ്വാസികള്‍ക്ക് കെആസ്ആര്‍ടിസി ബസില്‍ ശബരിമലയില്‍ പോകാന്‍ ഇരട്ടിക്കാശ് ഈടാക്കുന്നു, ഓത്ത് പള്ളിക്കൂടത്തിലെ മൗലവിമാര്‍ക്ക് ക്ഷേമനിധിയില്‍ നിന്നും ഫണ്ടും പെന്‍ഷനും അനുവദിക്കുന്നു, ന്യൂനപക്ഷ കൃസ്ത്യാനിക്ക് വേദപഠനം നടത്തുന്നതിന് ഒന്നും നല്‍കുന്നില്ല എന്നും മുസ്‌ലിംകള്‍ക്ക് എന്തിന് ഇത്രക്കും ഫണ്ട് കൊടുക്കുന്നു എന്നും, എല്ലാ പാര്‍ട്ടികളിലും മുസ്‌ലിം തീവ്രവാദികള്‍ നുഴഞ്ഞ് കയറുന്നു എന്നും മറ്റും പ്രസംഗിച്ച് മതങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതിനും ഐക്യ സംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലും സര്‍വ്വോപരി ഇസ്‌ലാം മതവിശ്വാസികളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗം കരുതിക്കൂട്ടി നടത്തിയ കാര്യത്തിന് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടും ഓഡിയോ ക്ലിപ്പും ലഭിച്ചത് പരിശോധിച്ച് ആയതിന്റെ അടിസ്ഥാനത്തില്‍ തത്സമയം സ്‌റ്റേഷന്‍ ചാര്‍ജ്ജിലുള്ള പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ 295 A IPC പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നു.''
പി സി ജോര്‍ജ് നിരവധി കേസുകളില്‍ പ്രതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ''മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, സമാന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഹരജിക്കാരന്‍ ലംഘിച്ചു. ....ഒരു സഹപാനലിസ്റ്റ് പ്രകോപിപ്പിച്ചപ്പോള്‍ പറഞ്ഞ 'വിഡ്ഢിത്തം' ആയിരുന്നു പരാമര്‍ശങ്ങളെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. 30 വര്‍ഷം എംഎല്‍എയായി പ്രവര്‍ത്തനപരിചയമുള്ള ഹരജിക്കാരന്‍ ഇങ്ങനെ എളുപ്പത്തില്‍ പ്രകോപിതനാവുമെങ്കില്‍ അയാള്‍ രാഷ്ട്രീയനേതാവായി തുടരാന്‍ അര്‍ഹനല്ലെന്ന് പറയാന്‍ കോടതി നിര്‍ബന്ധിതനാവുകയാണ്.''
ഫേസ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തിയെന്ന പി സി ജോര്‍ജിന്റെ വാദവും കോടതി തള്ളി. ''ഹര്‍ജിക്കാരന്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയക്കാരനാണ്, 30 വര്‍ഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം, പ്രസ്താവനകള്‍, പെരുമാറ്റം പോലും സൂക്ഷ്മമായി നിരീക്ഷിക്കും. രാഷ്ട്രീയക്കാര്‍ സമൂഹത്തിന് മാതൃകയാകണം. സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയ ശേഷം, ഹരജിക്കാരന്‍ നല്‍കുന്ന ക്ഷമാപണം അംഗീകരിക്കാന്‍ കഴിയില്ല.''
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ജാമ്യം അനുവദിക്കേണ്ട കാര്യമില്ല. പ്രതിയുടെ മുന്‍കാല ചരിത്രവും ആരോപണങ്ങളുടെ ഗൗരവവും പരിശോധിച്ചാണ് ജാമ്യഹരജിയില്‍ തീരുമാനമെടുക്കുകയെന്നും പി സി ജോര്‍ജിന്റെ ഹരജി തള്ളി കോടതി പറഞ്ഞു.

