പയ്യോളി സ്വദേശിയെ വിര്‍ച്വലി അറസ്റ്റ് ചെയ്ത് 1.51 കോടി രൂപ തട്ടി

Update: 2025-11-18 12:29 GMT

കോഴിക്കോട്: പയ്യോളി സ്വദേശിയായ വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കി 1.51 കോടി രൂപ കവര്‍ന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി വയോധികന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കുറ്റവാളികള്‍ വയോധികനെ ഓണ്‍ലൈനില്‍ സമീപിച്ചത്. തങ്ങള്‍ ഇഡി ഉദ്യോഗസ്ഥരാണെന്നും ബാങ്ക് ഐഡി പ്രൂഫ് അയച്ചുനല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇത് വയോധികന്‍ ചെയ്തു. തുടര്‍ന്ന് അക്കൗണ്ടിലെ പണം കള്ളപ്പണം അല്ലെന്ന് തെളിയിക്കാന്‍ മുഴുവന്‍ തുകയും അയച്ചുനല്‍കാനും നിര്‍ദേശിച്ചു. താങ്കള്‍ അറസ്റ്റിലാണെന്നും പറഞ്ഞു. ഇതോടെ വയോധികന്‍ മുഴുവന്‍ പണവും ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. പണം അയച്ചതിന് ശേഷം സംഘം സംസാരിക്കാതെ വന്നപ്പോഴാണ് വയോധികന്‍ പോലിസിനെ സമീപിച്ചത്. സൈബര്‍ ക്രൈംവിഭാഗം നിലവില്‍ കേസ് അന്വേഷിച്ച് വരികയാണ്.