പവിത്രന്‍ സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്

Update: 2025-06-13 12:43 GMT

കാഞ്ഞങ്ങാട്: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രന്‍ സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്കു വിധേയനായിട്ടും റവന്യൂ വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പവിത്രന്‍ ആവര്‍ത്തിക്കുകയാണെന്ന് റിപോര്‍ട്ട് പറയുന്നു. രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനു പവിത്രനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇടുകയും ചെയ്തതിനാണ് സസ്‌പെന്‍ഡ് ചെയ്തത്.

പവിത്രനെതിരെ നേരത്തേയും നടപടിയുണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ടെ ക്ഷേത്ര പ്രസിഡന്റിനെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു ലഭിച്ച പരാതിയില്‍ പവിത്രനെ എഡിഎം താക്കീത് ചെയ്തിരുന്നു. 2024 ഫെബ്രുവരിയില്‍ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരാളുടെ പരാതിയിലും കര്‍ശന താക്കീത് നല്‍കി. തുടര്‍ന്ന്, പവി ആനന്ദാശ്രമം എന്ന സമൂഹമാധ്യമത്തിലെ ഐഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ പവിത്രനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.