മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയ വയോധികന്‍ ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു

Update: 2025-02-11 00:54 GMT

കണ്ണൂര്‍: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന്‍ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് പാച്ചപൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) ആണ് ഇന്നലെ മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ പവിത്രനെ ജനുവരി 13നാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ച് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹം എകെജി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രന്‍ കയ്യില്‍ പിടിച്ചെന്ന് അറ്റന്‍ഡര്‍ പറഞ്ഞതോടെ ചികില്‍സ നല്‍കുകയായിരുന്നു. തുടര്‍ന്ന് 11 ദിവസത്തെ ചികിത്സക്കുശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. വീട്ടില്‍ കഴിയവെയാണ് ഇന്നലെ മരണം സംഭവിച്ചത്.ഭാര്യ: സുധ (വക്കീല്‍ ക്ലര്‍ക്ക്, തലശ്ശേരി). സഹോദരങ്ങള്‍: പുഷ്പ (അധ്യാപിക, കതിരൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍), രഘുനാഥന്‍, സഗുണ (കേരള ബാങ്ക്). സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തില്‍ നടക്കും.