രോഗികള്‍ പ്രതിസന്ധിയില്‍: പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു

സമരത്തെ തുടര്‍ന്ന് ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം താളം തെറ്റി. ഒപിയില്‍ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞു

Update: 2021-12-11 02:03 GMT

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികില്‍സ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുന്നത് രോഗികളെ പ്രസിന്ധിയിലാക്കുന്നു. ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ച നടക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല പ്രതിസന്ധിയിലാകുമെന്ന് ആശങ്കയുയര്‍ന്നു കഴിഞ്ഞു. ഹോസ്റ്റലുകളില്‍ നിന്ന് സമരക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. വിമര്‍ശനം ശക്തമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. സമരത്തെ തുടര്‍ന്ന് ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം താളം തെറ്റി. ഒപിയില്‍ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ശസ്ത്രക്രിയകള്‍ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയര്‍ ഡോക്ടര്‍മാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേല്‍പ്പിച്ചാണ് സ്ഥിതി നേരിടുന്നത്.


എല്ലാ മെഡിക്കല്‍ കോളജുകളിലും സ്ഥിതി ആശങ്കാ ജനകമാണ്. അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും. ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു പോവുന്നത്. സ്‌റ്റൈപ്പന്‍ഡ് വര്‍ധനവില്‍ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാന്‍ രാത്രിയില്‍ തന്നെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ നല്‍കിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉരുക്കു മു,്ടി ഉപയോഗിക്കുതകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും സമരം തുടരുന്നതിനാല്‍, ഇനി ചര്‍ച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നീറ്റ്പിജി പ്രവേശനം നീളുന്നത് കോടതി നടപടികള്‍ കാരണമാണെന്നും, സ്‌റ്റൈപ്പന്‍ഡ് വര്‍ധനവ് ധനവകുപ്പിന്റെ പരിഗണനയിലാണെന്നുമാണ് സര്‍ക്കാറിന്റെ വിശദീകരണം. സര്‍ക്കാര്‍ വിശദീകരണത്തില്‍ ഡോക്ടര്‍മാരുടെ സംഘടന അതൃപ്തി രേഖപ്പെടുത്തി.

Tags: