പോപുലര്‍ ഫ്രണ്ടിനെതിരായ ഇഡി കേസില്‍ കെ പി ഷെഫീറിന് ജാമ്യം

Update: 2025-02-22 10:17 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് സ്വദേശി കെ പി ഷെഫീറിന് ജാമ്യം. ആരോപണ വിധേയന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള (യുഎപിഎ) എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്തതായി ഇഡി ആരോപിക്കുന്നില്ലെന്നും പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദെര്‍ ജിത് സിംഗ് ചൂണ്ടിക്കാട്ടി. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, ജാമ്യം നില്‍ക്കുന്നവര്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയിരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍.

കേസിലെ മുഖ്യപ്രതികളാണെന്ന് ഇഡി ആരോപിച്ച പര്‍വേസ് അഹമദ്, മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ മുഖീത് എന്നിവര്‍ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയതായി കെ പി ഷെഫീറിന്റെ അഭിഭാഷകര്‍ വാദിച്ചു. യുഎപിഎ പ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യം ചെയ്ത് അതില്‍ നിന്നുള്ള പണം കൊണ്ട് താന്‍ സാമ്പത്തികനേട്ടമുണ്ടാക്കിയതായി തെളിവില്ല. അക്കൗണ്ടന്റായതിനാല്‍ കണക്കുകള്‍ നോക്കുകയാണ് ചെയ്തിരിക്കുന്നത്. അതൊരു കുറ്റമല്ല. കള്ളപ്പണം ഒളിപ്പിക്കുകയോ സ്വന്തമാക്കുയോ ഉപയോഗിക്കുകയോ ചെയ്തതിന് തെളിവില്ല. കണക്കുനോക്കുന്നയാള്‍ക്ക് പണത്തിന്റെ സ്രോതസിനെ കുറിച്ച് അറിയേണ്ട കാര്യമില്ല. പോപുലര്‍ ഫ്രണ്ടിലേക്ക് ആളുകളെ സംഘടിപ്പിച്ചതിനോ പരിശീലനം നല്‍കിയതിനോ സാമ്പത്തിക സഹായം നല്‍കിയതിനോ തെളിവില്ല. നിരവധി പേജുകളുള്ള കുറ്റപത്രമാണ് ഇഡി നല്‍കിയിരിക്കുന്നത്. അതിലൊന്നും കുറ്റം പോലും ചുമത്തിയിട്ടില്ല. വിചാരണയില്‍ നിരവധി സാക്ഷികളെ വിസ്തരിക്കാനും 456 രേഖകള്‍ പരിശോധിക്കാനുമുണ്ടാവും. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ജയില്‍വാസം അനന്തമായി തുടര്‍ന്നുപോവാനാണ് സാധ്യതയെന്നും കെ പി ഷെഫീര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഈ വാദങ്ങളെയെല്ലാം ഇഡി എതിര്‍ത്തു. ഇഡിയുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. കേസിലെ പ്രധാന പ്രതികളായ പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്‍യാസ്, അബ്ദുല്‍ മുഖീത് എന്നിവര്‍ക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമൃഷ്ട്യാ തന്നെ നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ അക്കൗണ്ടന്റ് ആയിരുന്നുവെന്നും തൊഴില്‍പരമായ ചുമതലയുടെ പരിധിക്കുള്ളില്‍ നിന്നുള്ള ജോലിയാണ് ചെയ്തിട്ടുള്ളതെന്നും കോടതി കണ്ടെത്തി. പോപുലര്‍ ഫ്രണ്ടിന്റെ നയപരവും സാമ്പത്തികവുമായ തീരുമാനങ്ങളില്‍ കുറ്റാരോപിതന് ഉത്തരവാദിത്തമില്ലെന്നും കോടതി പറഞ്ഞു. കുറ്റാരോപിതന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വിചാരണക്ക് കാലദൈര്‍ഘ്യം ഉണ്ടാവാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോവരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, മേല്‍വിലാസം മാറുമ്പോള്‍ കോടതിയെ അറിയിക്കണം, വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരാവണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം തുടങ്ങിയവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.