ബിജെപി ഓഫിസിലേക്കുള്ള റോഡ് വീതികൂട്ടാന്‍ 40 മരങ്ങള്‍ മുറിച്ചു; ക്രൂരമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഹരിയാനയിലെ ബിജെപി ഓഫിസിലേക്കുള്ള റോഡിന് വീതികൂട്ടാന്‍ 40 മരങ്ങള്‍ മുറിച്ച സംഭവം ക്രൂരമാണെന്ന് സുപ്രിംകോടതി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യത്തിന് വേണ്ടി അധികൃതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനിന്നത് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. റോഡിലെ ഗതാഗതം എളുപ്പമാക്കാനാണ് മരങ്ങള്‍ മുറിച്ചതെന്ന് ഹരിയാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, കോടതി ഇതിനെ വിമര്‍ശിച്ചു. പരിസ്ഥിതിയെ പരിഗണിക്കാതെയാണ് ഹരിയാന സര്‍ക്കാര്‍ ഇത് ചെയ്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. വെട്ടിയ മരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഹരിയാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, പരിസ്ഥിതിക്കുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം പോരെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നിലപാട് വ്യക്തമായി എഴുതി അറിയിക്കാന്‍ കോടതി ഹരിയാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.