പാസ്റ്റ്‌റുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്തത് ഖേദകരമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പാസ്റ്ററുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്ത സംഭവം ഏറെ വേദനിപ്പിച്ചതായി സുപ്രീംകോടതി. പിതാവ് സുഭാഷ് ഭാഗെലിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രമേശ് ഭാഗെല്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
''സ്വന്തം പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കോടതിയില്‍ വരാനിടയായതില്‍ കോടതിക്ക് ആത്മാര്‍ഥമായ ഖേദമുണ്ട്. പഞ്ചായത്തോ സംസ്ഥാനസര്‍ക്കാരോ ഹൈക്കോടതിയോ ആ മകന്റെ ആവലാതി പരിഹരിക്കാത്തതില്‍ ദു:ഖമുണ്ട്. മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ഹൈക്കോടതി കൈകഴുകി''-ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
ക്രിസ്ത്യന്‍ ഗോത്രവിഭാഗക്കാരുടെ മൃതദേഹങ്ങള്‍ ഇവിടെ മുമ്പും സംസ്‌കരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അതിനെ എതിര്‍ക്കേണ്ട കാര്യമെന്താണെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. 20 കിലോമീറ്റര്‍ അകലെ സര്‍ക്കാര്‍ ചെലവില്‍ സംസ്‌കരിക്കാന്‍ തയാറാണെന്ന് ചത്തീസ്ഗഡ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മെഹ്ത അറിയിച്ചു. ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഇതിനെ എതിര്‍ത്തു. ഹരജി ഈ മാസം 22ന് കോടതി വീണ്ടും പരിഗണിക്കും.