വിചാരണ കോടതി അനുവദിച്ചാല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ളത് കൊണ്ട് മാത്രം ഒരാളുടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരിക്കരുതെന്ന് സുപ്രിംകോടതി. പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിചാരണക്കോടതി അനുമതി നല്‍കിയാല്‍, വിദേശയാത്ര കോടതി നിയന്ത്രിക്കുന്ന സാഹചര്യത്തില്‍, ഒരു തടസവും പാടില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കേസില്‍ പ്രതിയായ ബിസിനസുകാരന്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. മഹേഷ് കുമാര്‍ അഗര്‍വാളിന്റെ പാസ്‌പോര്‍ട്ട് പത്തുവര്‍ഷം കാലാവധിയില്‍ പുതുക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
'' വിദേശ യാത്ര ചെയ്യാനുള്ള അവകാശവും പാസ്പോര്‍ട്ട് കൈവശം വയ്ക്കാനുള്ള അവകാശവും ഭരണഘടനപ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ വശങ്ങളാണെന്ന് നിരവധി വിധിന്യായങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആ അവകാശത്തിന്മേലുള്ള ഏതൊരു നിയന്ത്രണവും ന്യായയുക്തമായിരിക്കണം....ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ സമ്മാനമല്ല, മറിച്ച് ബാധ്യതയാണ്. പൗരന് സഞ്ചരിക്കാനും യാത്ര ചെയ്യാനും ഉപജീവനമാര്‍ഗ്ഗവും അവസരവും തേടാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ അനിവാര്യ ഭാഗമാണ്. അതിന്റെ ഏതൊരു നിയന്ത്രണവും ഇടുങ്ങിയതും ആനുപാതികവും നിയമത്തില്‍ വ്യക്തമായി ഉറപ്പിച്ചതുമായിരിക്കണം.''-കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഡാലോചന, യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കേസിലെ പ്രതിയാണ് ഹരജിക്കാരന്‍. 2023 ആഗസ്റ്റില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു. പാസ്‌പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള കാലത്താണ് അത് സംഭവിച്ചത്. റാഞ്ചിയിലെ എന്‍ഐഎ കോടതിയും ഡല്‍ഹി ഹൈക്കോടതിയും പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കിയെങ്കിലും പാസ്‌പോര്‍ട്ട് അതോറിറ്റി വിസമ്മതിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
