'ബുള്‍ഡോസര്‍ രാജിനെതിരായ' വിധി വളരെയധികം സംതൃപ്തി നല്‍കി: ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരായ വിധി തനിക്കും ജസ്റ്റിസ് കെ വി വിശ്വനാഥനും വളരെയധികം സംതൃപ്തി നല്‍കിയെന്ന് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്. സുപ്രിംകോടതി അഭിഭാഷകരുടെ അക്കാദമിക് ഗ്രൂപ്പായ 269-ാമത് ഫ്രൈഡേ ഗ്രൂപ്പില്‍ സംസാരിക്കവേയാണ് ജസ്റ്റിസ് ഗവായ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''ഏകദേശം ആറുമാസത്തോളം കാലം ജസ്റ്റിസ് കെ വി വിശ്വനാഥനും ഒരുമിച്ച് കേസുകള്‍ കേട്ടു. കുറ്റാരോപിതരുടെയും ശിക്ഷിക്കപ്പെട്ടവരുടെയും സ്വത്തുക്കള്‍ ഏകപക്ഷീയമായി പൊളിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവണതക്കെതിരേ നിരവധി നിര്‍ദേശങ്ങള്‍ നല്‍കി. അത്തരം ഉദ്യോഗസ്ഥരെ നിയമനടപടികള്‍ക്ക് വിധേയമാക്കുന്ന രീതിയിലുള്ള വിധിയാണ് ഇറക്കിയത്. ഒരു വീട്ടിലെ ഒരാള്‍ കുറ്റാരോപിതനോ കുറ്റവാളിയോ ആയാല്‍ മറ്റ് അംഗങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. വിധിയില്‍ എനിക്കാണ് ക്രെഡിറ്റ് ലഭിച്ചതെങ്കിലും ജസ്റ്റിസ് കെ വി വിശ്വനാഥനും തുല്യമായ പങ്കുണ്ട്.''-അദ്ദേഹം വെളിപ്പെടുത്തി. ചീഫ് ജസ്റ്റിസായി ഏകദേശം ആറ് മാസത്തെ സേവനത്തിന് ശേഷം നവംബറില്‍ ചീഫ് ജസ്റ്റിസ് ഗവായ് വിരമിക്കും.