റോഡ് കെട്ടിയടച്ച് പാര്‍ട്ടിപരിപാടികള്‍: എം വി ഗോവിന്ദന്‍ ഫെബ്രുവരി 12ന് ഹാജരാവണമെന്ന് ഹൈക്കോടതി; മറ്റു പാര്‍ട്ടി നേതാക്കള്‍ പത്താം തിയ്യതി ഹാജരാവണം

Update: 2025-02-07 15:11 GMT

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തില്‍ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ ഫെബ്രുവരി 12ന് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

റ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഫെബ്രുവരി 10ന് ഹാജരാകണമെന്നാണ് എം വി ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതില്‍ ഇളവുതേടി എം വി ഗോവിന്ദന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 12ന് വൈകീട്ട് നാലുമണിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പാതയോരത്ത് സമരം നടത്തിയതിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന പോലിസ് മേധാവി കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന പോലിസ് മേധാവി നിരുപാധികം മാപ്പപേക്ഷിച്ചത്.