ഇറാനിലെ 12 മലയാളി വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് രക്ഷിതാക്കള്‍

Update: 2026-01-15 06:26 GMT

കോഴിക്കോട്: ഇറാനിലെ കെര്‍മന്‍ മെഡിക്കല്‍ കോളജില്‍ മെഡിസിന് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ആവശ്യം. മലയാളികളായ 12 വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് കേരളസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നോര്‍ക്കയ്ക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലെ ഇന്ത്യന്‍ എംബസിക്കും നിവേദനം നല്‍കിയത്. കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ്, എറണാകുളം ജില്ലക്കാരാണ് വിദ്യാര്‍ഥികള്‍. ഇറാനില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കപ്പെട്ടതിനാല്‍ കുട്ടികളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന് നിവേദനം പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തുപോവരുതെന്നാണ് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ഡോര്‍മിറ്ററിയില്‍ തുടരുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.