പരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും നിര്‍മ്മാണ സാമഗ്രികളും പിടികൂടി, വീട്ടമ്മ അറസ്റ്റില്‍

Update: 2025-06-24 10:50 GMT

പരപ്പനങ്ങാടി: ചിറമംഗലത്ത് വീട്ടില്‍ വ്യാജമദ്യം നിര്‍മിക്കുന്നതായി പോലിസ് കണ്ടെത്തി. ബാഫഖി തങ്ങള്‍ റോഡില്‍ സുലു നിവാസില്‍ മണി എന്നയാളുടെ വീട്ടിലാണ് 1000 ലിറ്ററോളം വാഷും അന്‍പതോളം ചെറിയ കുപ്പികളിലാക്കിയ നാടന്‍ ചാരായവും നിര്‍മ്മാണ സാമഗ്രികളും പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് പരിശോധന നടത്തിയത്. പോലിസ് സംഘം എത്തുന്ന വിവരമറിഞ്ഞ മണി വീട്ടില്‍നിന്നും രക്ഷപ്പെട്ടു. ഇയാളുടെ ഭാര്യ ബിന്ദുവിനെ പോലിസ് അറസ്റ്റ് ചെയ്തു.






  വീട്ടുപരിസരത്തേക്ക് ആരും വരാതിരിക്കുന്നതിനായി അക്രമസ്വഭാവമുള്ള നായകളെ ഇവര്‍ വളര്‍ത്തിയിരുന്നു. നായകളെ ഓടിച്ചിട്ടാണ് പോലിസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. നിരവധി കന്നാസുകളിലാക്കിയ വാഷാണ് ഉണ്ടായിരുന്നതതെന്ന് പോലിസ് പറഞ്ഞു. രാത്രി മൂന്നുമണിവരെ വിവിധ ഏജന്റുമാര്‍ മുഖേനയും നേരിട്ടും മദ്യം വില്‍പ്പന നടത്തിയിരുന്നു. വ്യാജ മദ്യനിര്‍മാണത്തിനുപയോഗിച്ച ഗ്യാസ് സിലിണ്ടറുകള്‍, വയറുകള്‍, പത്രങ്ങള്‍, കന്നാസുകള്‍ മറ്റു സാധന സാമഗ്രികള്‍ കസ്റ്റഡിയിലെടുത്തു. സിഐക്ക് പുറമെ വനിതാ എഎസ്‌ഐ. റീന, എസ്‌ഐ ബാബുരാജന്‍, എസ്‌സിപിഒ സതീഷ് കുമാര്‍, പ്രജോഷ്, രമേഷ് എന്നിവര്‍ പോലിസ് സംഘത്തിലുണ്ടായിരുന്നു.