നരഭോജിയായ കടുവയുടെ സാന്നിധ്യം; പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ

Update: 2025-01-24 13:16 GMT

കല്‍പ്പറ്റ: നരഭോജിയായ കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം കൂട്ടംകൂടുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പറയുന്നു.

 അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ടീം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ ആരംഭിച്ചു. കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ നടത്തും.