തിരുവനന്തപുരം: ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായിയുടെ മൊഴി. 2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയതെന്ന് വ്യവസായിയുടെ മൊഴി പറയുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരന്‍. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്. ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് പ്രത്യേക പോലിസ് സംഘത്തിന്റെ തീരുമാനം. അതേസമയം, കേസിലെ പത്താം പ്രതിയായ സ്വര്‍ണവ്യാപാരി നാഗ ഗോവര്‍ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.