പെന്‍ഷന്‍ വെട്ടിചുരുക്കലിനെതിരായ പ്രതിഷേധം; പാനമയില്‍ അടിയന്തരാവസ്ഥ

Update: 2025-06-21 12:40 GMT

പാനമ സിറ്റി: തൊഴിലാളികളുടെ പെന്‍ഷന്‍ വെട്ടിച്ചുരുക്കലിനെതിരായ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പാനമയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യത്ത് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബോക്കാസ് ഡെല്‍ ടോറോ പ്രദേശത്ത് പഴം മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളാണ് കഴിഞ്ഞ മാസം മുതല്‍ പ്രതിഷേധം തുടങ്ങിയത്. ഇതിനെ പോലിസ് നേരിട്ടതോടെ ഏറ്റുമുട്ടല്‍ ആവുകയും വിവിധ മേഖലകളില്‍ തൊഴിലാളികള്‍ വിമോചിത മേഖലകള്‍ കെട്ടിപ്പടുക്കുകയും ചെയ്തു. അമേരിക്കന്‍ പഴക്കമ്പനിയായ ചിക്വിറ്റയുടെ കെട്ടിടങ്ങളും ഒരു വിമാനത്താവളവും തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമോചിത മേഖലകള്‍ മോചിപ്പിക്കാന്‍ സൈനിക നടപടിയും ആരംഭിച്ചു.

ലാറ്റിന്‍ അമേരിക്കയുടെ ചൂഷണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളില്‍ പ്രമുഖരാണ് ചിക്വിറ്റ. കൊളംബിയ പോലുള്ള രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ക്ക് അവര്‍ സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപണമുണ്ട്.