''ഞങ്ങളെ സഹായിക്കണം, ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല''; പാനമയില്‍ തടവിലുള്ള ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ പുറത്ത്
പാനമ സിറ്റി: യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള മുന്നൂറോളം കുടിയേറ്റക്കാരെ പാനമയിലെ ഹോട്ടലില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് റിപോര്‍ട്ട്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, നേപ്പാള്‍, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഹോട്ടലിന്റെ ജനലിന് മുന്നില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു.
നാടുകളിലെത്തിക്കാന്‍ രാജ്യാന്തര സന്നദ്ധ സംഘടനകള്‍ സൗകര്യമൊരുക്കുംവരെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങാന്‍ ഇവര്‍ക്ക് അനുമതിയില്ല. മുറികള്‍ക്കു പോലിസ് കാവലുണ്ട്. ഇവരില്‍ ചിലരാണു ഹോട്ടല്‍ ജനാലകള്‍ക്കു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചത്. ''സഹായിക്കണം, ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല'' തുടങ്ങിയ വാചകങ്ങള്‍ കടലാസില്‍ എഴുതി ജനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവര്‍ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക നാടുകടത്തിയതിനെത്തുടര്‍ന്ന് പാനമയിലെത്തിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് രാജ്യത്തെ ഇന്ത്യന്‍ എംബസി അറിയിച്ചു. 299 കുടിയേറ്റക്കാരില്‍ 171 പേര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ ചൊവ്വാഴ്ച പറഞ്ഞു. എന്നാല്‍ എത്രസമയത്തിനകമായിരിക്കും ഇതുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞില്ല. ഒരു ഐറിഷ് പൗരനെ ഇതിനകം തിരിച്ചയച്ചിട്ടുണ്ടെന്നും അബ്രെഗോ പറഞ്ഞു.
അതേസമയം, ചൈനയില്‍നിന്നുള്ള ഒരു സ്ത്രീ പ്രദേശത്തെ ചില ആളുകളുടെ സഹായത്തോടെ ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടെന്ന് പാനമയുടെ ദേശീയ ഇമിഗ്രേഷന്‍ സര്‍വീസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീയെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
