വാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ്
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പെരുമ്പടപ്പ് സ്വദേശി ആഷിക്കി (30)നെയാണ് ഇന്നലെ വൈകിട്ട് നിര്‍ത്തിയിട്ട വാനിന്റെയുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിലെ മുറിവുകളില്‍ നിന്നും രക്തംവാര്‍ന്നു മരിച്ചെന്നായിരുന്നു അനുമാനം. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കാലില്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചതു പോലെയായിരുന്നു മുറിവുകള്‍.
ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തിയിട്ട ഇന്‍സുലേറ്റഡ് വാനിനകത്തെ മുന്‍സീറ്റിലാണ് ഇന്നലെ ആഷിക്കിനെ കാണപ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോള്‍ താന്‍ കാണുന്നത് കാലില്‍ നിന്ന് രക്തം വമിക്കുന്നതാണെന്നും പെണ്‍സുഹൃത്ത് പോലിസിനോട് പറഞ്ഞിരുന്നു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി തന്നെ ആഷിക്കിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ആദ്യം പോലിസ് കരുതിയിരുന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തി. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവ് ശിഹാബിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ സ്ഥലത്ത് എത്തുന്നതിനു മുമ്പു തന്നെ ശിഹാബ് ആഷിക്കിനെ കൊലപ്പെടുത്തി എന്നാണ് നിഗമനം. ഇരു കാലുകളുടെയും തുടകളിലും കാല്‍ത്തണ്ടകളിലും ആഴത്തില്‍ മുറിവേറ്റ് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം കൊലപാതകമാണെന്നും ശിഹാബ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഭാര്യക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയല്‍ പറഞ്ഞു. വാനില്‍ മീന്‍ വിതരണം നടത്തുന്ന ജോലിയായിരുന്നു ആഷിക്കിന്.
