200 ഫലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേല്‍; 39 വര്‍ഷമായി തടവിലുള്ള മുഹമ്മദ് അല്‍ തൗസിനും മോചനം (വീഡിയോകള്‍)

Update: 2025-01-25 15:01 GMT

റാമല്ല: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയില്‍ എടുത്ത നാലു ഇസ്രായേലി വനിതാസൈനികരെ ഹമാസ് വിട്ടയച്ചതിനെ തുടര്‍ന്ന് 200 ഫലസ്തീനി തടവുകാരെ മോചിപ്പിച്ച് ഇസ്രായേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ഗസയില്‍ ഹമാസ് നാലു ഇസ്രായേലി വനിതാ സൈനികരെ വിട്ടയക്കുന്നു


Full View


ഇതില്‍ 121 പേര്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ടവരും 79 പേര്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരുമാണ്. സ്വതന്ത്രരായ 200ല്‍ 114 പേര്‍ വെസ്റ്റ്ബാങ്കിലെ റാമല്ലയിലും 16 പേര്‍ ഗസയിലെ ഖാന്‍ യൂനിസിലും എത്തി. 70 പേരെ ഈജിപ്ത് ഏറ്റുവാങ്ങി. ഇവര്‍ക്ക് അള്‍ജീരിയയും ടൂണിസും തുര്‍ക്കിയും അഭയം നല്‍കി. ഇനി ഈ 70 പേരെ അങ്ങോട്ടു കൊണ്ടുപോവും.

റാമല്ലയില്‍ എത്തിയ ഫലസ്തീനി തടവുകാര്‍

റാമല്ലയില്‍ എത്തിയ ഫലസ്തീനി തടവുകാര്‍ക്ക് നല്‍കിയ സ്വീകരണം

ഇസ്രായേലി ജയിലില്‍ സ്പൂണ്‍ കൊണ്ട് തുരങ്കം ഉണ്ടാക്കിയ മുഹമ്മദ് അല്‍ അര്‍ദ റാമല്ലയില്‍


39 വര്‍ഷമായി തടവിലുള്ള ഫതഹ് നേതാവ് മുഹമ്മദ് അല്‍ തൗസ് (67), 1989 മുതല്‍ തടവിലുള്ള ജെനിന്‍ സ്വദേശിയായ റാഇദ് അല്‍ സാദി(57),അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ് നേതാക്കളായ അബു ഹമീദ് സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന ശരീഫ്, നാസര്‍, മുഹമ്മദ് അബു ഹമീദ്, 2016ല്‍ ഇസ്രായേലി സൈനികനെ കുത്തിക്കൊന്ന 23കാരനായ അയ്ഹാം സബാഹ്, അല്‍ അഖ്‌സ് ഇന്ദിഫാദയുടെ കാലത്ത് സീനിയര്‍ കമാന്‍ഡര്‍ അടക്കം 12 ഇസ്രായേലി സൈനികരെ കൊന്ന നൂര്‍ ജാബിര്‍, 2021ല്‍ ഇസ്രായേലി ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്ത മുഹമ്മദ് അല്‍ അരിദാ, ഇയാദ് ജരദാത്, 2001ല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച വഈല്‍ ജാഗൗബ്, 2016ല്‍ 12 ജൂത കുടിയേറ്റക്കാരെ കൊന്ന കേസില്‍ 13 ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഹമദ് അല്‍ ബര്‍ഹൗത്തി എന്നിവര്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ ജനതയുടെ അനശ്വരദിനങ്ങളില്‍ ഒന്നാണിതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അല്‍ഖുദ്‌സ് തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പാതയില്‍ തുടര്‍ന്നവരാണ് ഇവരെല്ലാവരുമെന്നും ഹമാസ് കൂട്ടിചേര്‍ത്തു.