1943ല്‍ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു; നീതി തേടി ഫലസ്തീനി ബിസിനസുകാരന്‍ യുകെ കോടതിയില്‍
1943ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ പട്ടാളം വെടിവച്ച ഫലസ്തീനി നീതി തേടി ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഫലസ്തീനി ടെലകോം കമ്പനിയുടെ സ്ഥാപകനും നിലവില്‍ 90കാരനുമായ ബിസിനസുകാരന്‍ മുനീബ് അല്‍ മസ്‌റിയാണ് കോടതിയെ സമീപിച്ചത്. 1943ല്‍ ഫലസ്തീനില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ബ്രിട്ടീഷ് പട്ടാളം മുനീബിനെ വെടിവച്ചത്. പിന്നീട് 1948ല്‍ ബാല്‍ഫര്‍ പ്രഖ്യാപനമെന്ന പേരില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രം സ്ഥാപിച്ചു. അതോടെ ഏഴര ലക്ഷത്തോളം ഫലസ്തീനികളെ സയണിസ്റ്റുകള്‍ കുടിയൊഴിപ്പിച്ചു. അതോടെ മുനീബും കുടുംബവും വെസ്റ്റ്ബാങ്കിലെ നബുലസില്‍ എത്തി.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രിട്ടനിലെ കോടതിയില്‍ ഹരജി നല്‍കിയതെന്ന് മുനീബ് പറഞ്ഞു. അന്താരാഷ്ട്ര നിയമവിദഗ്ദന്‍ ഡോ. വിക്ടര്‍ കട്ടാനും ബ്രിട്ടീഷ്-ഇസ്രായേലി ചരിത്രകാരനും സയണിസ്റ്റ് വിരുദ്ധനുമായ എവി ശാലെമുമാണ് ഹരജി തയ്യാറാക്കിയത്.
ഫലസ്തീനില്‍ ജൂതന്‍മാര്‍ക്ക് രാഷ്ട്രം രൂപീകരിക്കാമെന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്നാണ് ഹരജിയിലെ ആവശ്യം. ബാല്‍ഫര്‍ പ്രഖ്യാപനം ഫലസ്തീനികള്‍ക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഹരജി ആവശ്യപ്പെടുന്നു.
ഫലസ്തീനില്‍ യാതൊരു അവകാശവുമില്ലാത്ത ബ്രിട്ടന്‍ ഫലസ്തീന്റെ നിയമപരവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ ലംഘിച്ചെന്ന് 400 പേജുള്ള ഹരജി ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീത്ത് സ്റ്റാമറുമായി കൂടിക്കാഴ്ച്ച നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുനീബ് പറഞ്ഞു. ഗസയിലെ വംശഹത്യ കണ്ട ലോകം ഇസ്രായേലിന്റെ പ്രചാരണങ്ങളില്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ യുഎസില്‍ 2,000 കോടി ഡോളര്‍ ചെലവാക്കി പ്രചാരണം നടത്തിയാലും അമേരിക്കക്കാര്‍ വിശ്വസിക്കില്ലായിരുന്നു. ഗസയിലെ വംശഹത്യയാണ് ലോകത്തിന്റെ കണ്ണുതുറപ്പിച്ചത്.
പക്ഷേ, എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചത് ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ നിന്നാണ്. ''ഞങ്ങള്‍ക്ക് തെറ്റുപറ്റി, ക്ഷമിക്കണം എന്നു അവര്‍ പറയണം. നഷ്ടപരിഹാരവും നല്‍കണം.''-അദ്ദേഹം പറയുന്നു.
വെടിയേറ്റിട്ടും യുഎസില്‍ പോയി പഠിച്ച് ബിസിനസില്‍ തിളങ്ങിയ മുനീബ് ഫലസ്തീനിലെ ഏറ്റവും ധനികനായ ബിസിനസുകാരനാണ്. കൂടാതെ പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും നിരവധി ബിസിനസുകളുണ്ട്. നിലവില്‍ വെസ്റ്റ്ബാങ്കിലാണ് താമസം. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ തീരുമാന പ്രകാരം അദ്ദേഹം ഏറെക്കാലമായി ജോര്‍ദാനിലുണ്ടായിരുന്നു. അപ്പോള്‍ ജോര്‍ദാന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീട് 1993ല്‍ ഓസ്‌ലോ കരാറുകള്‍ക്ക് പിന്നാലെ യാസര്‍ അറാഫത്ത് ഫലസ്തീനില്‍ തിരിച്ചെത്തിയപ്പോള്‍ മുനീബും ഫലസ്തീനിലെത്തി. യാസര്‍ അറാഫത്തിന്റെ ബ്ലാക് ബോക്‌സാണ് മുനീബ് എന്നാണ് അക്കാലത്ത് എല്ലാവരും വിശ്വസിച്ചിരുന്നത്. യാസര്‍ അറാഫത്ത് ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അതില്‍ മന്ത്രിയായി. ജോര്‍ദാനിലും ഫലസ്തീനിലും മന്ത്രിയായ ഏക വ്യക്തിയാണ് മുനീബ്.
അറബ് ബാങ്കിന്റെ വൈസ്പ്രസിഡന്റായിരുന്ന കാലത്ത്, 1980ല്‍ ഡോണള്‍ഡ് ട്രംപിനെ പരിചയപ്പെട്ടിരുന്നതായി മുനീബ് പറയുന്നു. അക്കാലത്ത് ട്രംപ് ന്യൂയോര്‍ക്കിലെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്നു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ പ്ലാസ ഹോട്ടല്‍ വാങ്ങാന്‍ ട്രംപിന് 39 കോടി ഡോളര്‍ വായ്പ നല്‍കിയത് അറബ് ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ്. അതിന്റെ സ്‌നേഹം അന്നേ ട്രംപ് കാണിച്ചിരുന്നുവെന്ന് മുനീബ് പറയുന്നു. അതിനാല്‍ ഇപ്പോള്‍ യുഎസ് പ്രസിഡന്റായ ട്രംപിനെ കാണാനും മുനീബ് ആലോചിക്കുന്നുണ്ട്.
മുനീബ് അല്‍ മസ്‌റിയുടെ പേരക്കുട്ടിക്കും കുടുംബം മുനീബ് എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 2011ല്‍ ലബ്‌നാന്‍ അതിര്‍ത്തിയില്‍ പ്രകടനം നടത്തിയപ്പോള്‍ ഈ മുനീബിനെ ഇസ്രായേലി സൈന്യം വെടിവച്ചു പരിക്കേല്‍പ്പിച്ചു. അതിനാല്‍ ഇപ്പോള്‍ മുനീബ് വീല്‍ചെയറിലാണ്.

