ഫലസ്തീനി നേതാക്കള്‍ക്കെതിരെ സിറിയന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുവെന്ന് റിപോര്‍ട്ട്

Update: 2025-05-25 06:43 GMT

ദമസ്‌കസ്: സിറിയയിലെ ഇടക്കാല സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം ഫലസ്തീനി സംഘനകളുടെ നേതാക്കള്‍ രാജ്യം വിടാന്‍ തുടങ്ങിയെന്ന് റിപോര്‍ട്ട്. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍-ജനറല്‍ കമാന്‍ഡ് സ്ഥാപക നേതാവിന്റെ ഖാലിദ് ജിബ്രീല്‍, ഫതഹ് ഇന്‍തിഫാദ സെക്രട്ടറി ജനറല്‍ സിയാദ് അല്‍ സഗീര്‍ എന്നിവര്‍ രാജ്യം വിട്ടു കഴിഞ്ഞു. 1948ല്‍ ജൂതന്‍മാര്‍ ആക്രമിച്ച് ഓടിച്ച ഫലസ്തീനികള്‍ താമസിക്കുന്ന യാര്‍മൂക്ക് ക്യാംപിലെ ഹമാസിന്റെയും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെയുമെല്ലാം പതാകകളും നീക്കം ചെയ്തു. നിരവധി ഫലസ്തീനി നേതാക്കളുടെ വീടുകളും വാഹനങ്ങളും സിറിയന്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായും എഎഫ്പി റിപോര്‍ട്ട് പറയുന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടികയും സ്വരക്ഷക്കുപയോഗിക്കുന്ന ആയുധങ്ങളുടെ പട്ടികയും ചോദിച്ചിട്ടുണ്ട്.

ഫലസ്തീനിലെ സായുധ പ്രതിരോധ പ്രസ്ഥാനങ്ങളെ ഭീകരവാദമായി കാണുന്ന യുഎസ് പ്രസിഡന്റുമായി സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറാ അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കണമെന്നും ട്രംപ് ഈ യോഗത്തില്‍ ആവശ്യപ്പെട്ടു. സിറിയയില്‍ നിന്നും ഇസ്രായേലിനെതിരെ നടപടികളുണ്ടാവരുതെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സിറിയക്കെതിരായ ചില ഉപരോധങ്ങള്‍ യുഎസ് പിന്‍വലിച്ചത്.