14 വര്‍ഷത്തിനിടെ ഇസ്രായേല്‍ തകര്‍ത്തത് 232 തവണ; പുനര്‍നിര്‍മാണത്തിലൂടെ വിസ്മയമായി തീര്‍ന്ന് ബദൂവിയന്‍ ഗ്രാമമായ അല്‍അറാഖിബ്

Update: 2024-11-15 03:17 GMT

ഫലസ്തീനികള്‍ അധിവസിക്കുന്ന ഒരു ഗ്രാമം 14 വര്‍ഷത്തിനിടെ ഇസ്രായേല്‍ തകര്‍ത്തത് 232 തവണ. എന്നിട്ടും ഒരു വിസ്മയം പോലെ ആ ഗ്രാമം ഇന്നും നിലനില്‍ക്കുന്നു. ഓരോ തവണ തകര്‍ത്തെറിയുമ്പോഴും ഗ്രാമവാസികള്‍ അത് പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. ഇസ്രായേല്‍ അധികൃതര്‍ വീണ്ടും തകര്‍ക്കും. ഗ്രാമീണര്‍ വീണ്ടും പുതുക്കിപ്പണിയും. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍ അറാഖിബ് ഗ്രാമം ഫലസ്തീനിയന്‍ ജനതയുടെ തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും അസാമാന്യമായ അതിജീവന ത്വരയുടെയും പ്രതീകമാണിന്ന്.

ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്ന മരുഭൂപ്രദേശമാണ് നെഗേവ്. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍അറാഖിബ് എന്ന ബദൂവിയന്‍ ഗ്രാമം ഒരു ഫലസ്തീനിയന്‍ അധിവാസകേന്ദ്രമാണ്. നവംബര്‍ 11 തിങ്കളാഴ്ച ഈ ഗ്രാമം ഇസ്രായേല്‍ അധിനിവേശകര്‍ തകര്‍ത്തു തരിപ്പണമാക്കി. 14 വര്‍ഷത്തിനിടെ 232 തവണയാണ് ഇസ്രായേല്‍ ഈ ഗ്രാമം നശിപ്പിക്കുന്നതെന്ന് പ്രദേശത്തെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു.

2010 ജൂലൈ 27നായിരുന്നു ഇസ്രായേല്‍ ഈ ഗ്രാമം ആദ്യം ആക്രമിച്ചു നശിപ്പിച്ചത്. ഓരോ തവണ തകര്‍ക്കപ്പെടുമ്പോഴും ഗ്രാമവാസികള്‍ കെട്ടിടങ്ങളെല്ലാം പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. കാരണം, അനന്തമായി ആവര്‍ത്തിക്കുന്ന അധിനിവേശ അതിക്രമങ്ങള്‍ക്കിടയിലും തങ്ങളുടെ സ്വന്തം മണ്ണില്‍ തന്നെ ജീവിക്കണമെന്നത് അവരുടെ വാശിയാണ്. സയണിസ്റ്റുകളുടെ അക്രമം ഭയന്ന് ഗ്രാമം വിട്ടോടിപ്പോവാന്‍ അവരാരും ഒരുക്കമല്ല.മരവും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മിച്ച വീടുകളില്‍ 22 ഫലസ്തീന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇസ്രായേല്‍ രൂപീകരണത്തെ തുടര്‍ന്ന് 1951ല്‍ ആട്ടിയോടിക്കപ്പെട്ട അറബ് പൗരന്മാരാണ് അല്‍ അറാഖിബ് ഗ്രാമവാസികള്‍. ഈ പ്രദേശം തങ്ങളുടേതാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഓട്ടോമന്‍ ഭരണകാലത്ത് താമസക്കാരായ അറബ് വംശജര്‍ വിലകൊടുത്തു വാങ്ങിയതാണ് പ്രസ്തുത ഭൂമിയെന്ന് തെല്‍ അവീവ് ആസ്ഥാനമായ സോക്രോട്ട് എന്ന എന്‍ജിഒ വ്യക്തമാക്കുന്നു. തദ്ദേശവാസികളെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിപ്പായിച്ച് പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെന്നും സോക്രോട്ട് അടിവരയിടുന്നു.

ഇക്കൊല്ലം ഇതു പത്താം തവണയാണ് ഗ്രാമത്തിലെ നിര്‍മിതികളെല്ലാം പൊളിച്ചുകളയുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അസീസ് അല്‍തൂരി തുര്‍ക്കി മാധ്യമമായ അനദോലുവിനോട് പറഞ്ഞു.2023ല്‍ 11 തവണയും 2022ല്‍ 15 തവണയും 2021ല്‍ 14 തവണയും ഇസ്രായേല്‍ അധിനിവേശകര്‍ അല്‍ അറാഖിബ് ഗ്രാമം ഇടിച്ചു നിരത്തിയിരുന്നു.

''തിങ്കളാഴ്ച ഇസ്രായേല്‍ അധികൃതര്‍ ഗ്രാമം റെയ്ഡ് ചെയ്തു തമ്പുകളെല്ലാം പൊളിച്ചു കളഞ്ഞു. ഇത് 232ാമത് തവണയാണ് അവരുടെ ഈ അതിക്രമം.''- അല്‍തൂരി തന്റെ സങ്കടം പങ്കുവയ്ക്കുന്നു.

എന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ നിഴലിലായിരുന്നു ഗ്രാമം. അവരുടെ സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചു കൊടുക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെള്ളം, വൈദ്യുതി പോലുള്ള അടിസ്ഥാന സേവനങ്ങള്‍ പോലും ഗ്രാമീണര്‍ക്കു നിഷേധിക്കുകയാണ്. ഗ്രാമവാസികളെ ഞെരുക്കിയും ബലം പ്രയോഗിച്ചും ആട്ടിപ്പായിക്കുകയാണ് അധിനിവേശത്തിന്റെ അതിനികൃഷ്ടമായ ലക്ഷ്യം.

ആറുപതിറ്റാണ്ടായി ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ക്കു കീഴിലാണ് അല്‍ അറാഖിബ് ഗ്രാമത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും. ബുള്‍ഡോസറുകളുടെ മുരള്‍ച്ചയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ഏറ്റവും പരിചിതമായ ശബ്ദം. പക്ഷേ, സയണിസ്റ്റുകളുടെ കുടിലമായ വംശഹത്യ പദ്ധതികള്‍ക്കൊന്നും തന്നെ മരുഭൂമിയിലെ ബദൂവിയന്‍ ജനതയുടെ മനസ്സിളക്കാന്‍ കഴിഞ്ഞിട്ടില്ല. 1947-48 കാലത്തെ നഖ്ബ അഥവാ ദുരന്തത്തിനു ശേഷവും ഇപ്പോള്‍ ഒരു കൊല്ലത്തിലേറെയായി തുടരുന്ന നഖ്ബയുടെ ഘട്ടത്തിലും അവരുടെ മനോവീര്യം തളരുകയല്ല, വളരുകയാണ്. സ്വന്തം മണ്ണില്‍ നിന്ന് അവരുടെ വേരുകള്‍ പറിച്ചെറിയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന പ്രഖ്യാപനമാണ് ഓരോ പൊളിക്കലിനും തകര്‍ക്കലിനും ശേഷവും അല്‍അറാഖിബിന്റെ മണ്ണില്‍ വീണ്ടും ഉയരുന്ന ഓരോ തമ്പും. അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരായ ഒരു ജനതയുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റെ അണയാത്ത ജ്വാലയാണ് അല്‍അറാഖിബ് എന്ന ആ ബദൂവിയന്‍ ഗ്രാമം.

BY KH NAZER


Full View