ബെയ്‌റൂത്ത്: ഫലസ്തീനിലെ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫതഹ് പാര്‍ട്ടിയുടെ ലബ്‌നാനിലെ അംഗങ്ങള്‍ ആയുധങ്ങള്‍ ലബ്‌നാന്‍ സൈന്യത്തിന് കൈമാറിത്തുടങ്ങി. ലബ്‌നാനിലെ വിവിധ അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്ന ഫതഹ് പാര്‍ട്ടി അംഗങ്ങളാണ് ആയുധങ്ങള്‍ കൈവിടാന്‍ തീരുമാനിച്ചത്. അതേതുടര്‍ന്ന് ഏഴു ട്രക്ക് ആയുധങ്ങള്‍ ലബ്‌നാന്‍ സൈന്യത്തിന്റെ ക്യാംപുകളില്‍ എത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ബി7 റോക്കറ്റുകളും തോക്കുകളും അതില്‍ ഉള്‍പ്പെടുന്നു. റഷീദിയ, അല്‍ ബുസ്, ബുര്‍ജ് അല്‍ ശമാലി അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നുള്ള ആയുധങ്ങളാണ് തെയ്‌റിലെ സൈനിക ക്യാംപില്‍ എത്തിച്ചത്.
എന്നാല്‍, ഈ ആയുധങ്ങള്‍ 1950 കാലത്തേതാണെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. അത്യാധുനിക ആയുധങ്ങള്‍ ഫതഹ് പ്രവര്‍ത്തകര്‍ പൂഴ്ത്തിയെന്നാണ് ആരോപണം. എല്ലാ ആയുധങ്ങളും ലബ്‌നാന് കൈമാറണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സയണിസ്റ്റുകള്‍ ഫലസ്തീനില്‍ അധിനിവേശം നടത്തിയപ്പോള്‍ ഓടിപ്പോയ 4,93,000 ഫലസ്തീനികളാണ് ലബ്‌നാനിലുള്ളത്. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ക്യാംപുകളിലാണ് അവര്‍ ജീവിക്കുന്നത്. 1969ലെ കെയ്‌റോ കരാറിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീനി സംഘടനകളാണ് ക്യാംപുകളിലെ കാര്യങ്ങള്‍ തീരുമാനിക്കുക. ക്യാംപില്‍ ലബ്‌നാന്‍ സൈന്യത്തിന് പ്രവേശനമില്ല. അതിനാല്‍, പുറത്തെ സുരക്ഷാ നടപടികളാണ് അവര്‍ നോക്കുക.
