പാലത്തായി പോക്‌സോ കേസ്: കൗണ്‍സിലര്‍മാര്‍ക്കെതിരായ പരാതിയില്‍ കെ കെ ശൈലജ നടപടിയെടുത്തില്ലെന്ന് കോടതി
കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ വിമര്‍ശിച്ച് കോടതി. പെണ്‍കുട്ടിയുടെ മൊഴി മാറ്റാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ കെ ശൈലജ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രത്യേക പോക്‌സോ കോടതി വിധിയിലെ പരാമര്‍ശം. കുട്ടിയോട് അപമര്യാദയായി പെരുമാറിയ സാമൂഹിക നീതി വകുപ്പിലെ കൗണ്‍സലര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും വിധിയില്‍ ശുപാര്‍ശയുണ്ട്. കൗണ്‍സിലിങ്ങിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും വിധി പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ ശനിയാഴ്ചയാണ് കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. ഈ കേസ് അട്ടിമറിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നിരുന്നു.