കൊച്ചി: പാലത്തായി പോക്‌സോ കേസിലെ അതിജീവിതയുടെ മൊഴി മാറ്റാന്‍ ശ്രമിച്ച സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ദിശ എന്ന സംഘടനയാണ് വനിതാ ശിശു വികസന വകുപ്പ്, ഡിജിപി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് മൂന്ന് മാനസികാരോഗ്യ വിദഗ്ദ്ധര്‍ക്ക് എതിരെ തലശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി നടത്തിയിരിക്കുന്നതെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു. ''ഈ കൗണ്‍സിലര്‍മാര്‍ക്ക് ഈ ജോലിയില്‍ തുടരാന്‍ അര്‍ഹതയുമില്ല' എന്ന് തന്നെ കോടതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .
കുട്ടിയെ നിരവധി ദിവസങ്ങളോളം മണിക്കൂറുകളോളം ഇടവിടാതെ ചോദ്യം ചെയ്യുക വഴി കൗണ്‍സിലര്‍മാര്‍ മറ്റൊരു അന്വേഷണ ഏജന്‍സിപോലെ പെരുമാറിയെന്നും അശ്ലീലവും വൃത്തികെട്ടതുമായ ചോദ്യങ്ങള്‍ ചോദിച്ചു അവര്‍ ചുമതല പോലും മറന്നു കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട് . അശ്‌ളീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും കോടതി വിമര്‍ശിക്കുന്നുണ്ട്.
പ്രസ്തുത മാനസിക ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി അവരുടെ ചോദ്യങ്ങള്‍ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കൃത്യമായി ഉണ്ടായി എന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന കുഞ്ഞിനെ വീണ്ടും മാനസികമായി തകര്‍ത്ത മേല്പറഞ്ഞ മാനസിക ആരോഗ്യ വിദഗ്ദ്ധര്‍ യാതൊരു കാരണവശാലും പ്രസ്തുത ജോലിക്ക് അര്‍ഹരല്ല. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു കുട്ടിയുടെ മാതാവ് 2020 സെപ്റ്റംബറില്‍ അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും പരാതി ചൂണ്ടിക്കാട്ടി.
