പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 13 വര്‍ഷത്തില്‍ 28 കുട്ടികള്‍ തൂങ്ങിമരിച്ചെന്ന്; വിശദീകരണം തേടി ഹൈക്കോടതി

Update: 2025-09-17 03:22 GMT

കൊച്ചി: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 2010നും 2023നും ഇടയില്‍ 13 വയസ്സിനു താഴെ പ്രായമുള്ള 28 കുട്ടികള്‍ തൂങ്ങിമരിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ വിശദീകരണം തേടി. മരണങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിലാണ് നിര്‍ദേശം. കൊച്ചി സ്വദേശി സലിംലാല്‍ അഹമ്മദ്, ഫാ. അഗസ്റ്റിന്‍ വട്ടോളി തുടങ്ങിയവരാണ് ഹരജിക്കാര്‍. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്പോഴും മൃതദേഹങ്ങളില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായും പറയുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, മരണങ്ങളെ പൊതുവില്‍ ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഘടകം ഉണ്ടോ എന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നു കരുതാന്‍ കാരണങ്ങള്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ പിന്നാക്ക ചുറ്റുപാടുകളിലുള്ള കുട്ടികളാണ് മരിച്ചതെന്നായിരുന്നു ഹരജിക്കാരുടെ മറുപടി. ഇക്കാര്യത്തില്‍ പരിശോധന നടത്തി വിവരം അറിയിക്കാനാണ് ബാലാവകാശ കമ്മിഷന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക ടീമിനെ അന്വേഷണത്തിന് നിയോഗിക്കണം എന്നാണ് ഹരജിക്കാരുടെ ആവശ്യം.