പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം; നാലാം പ്രതി സിഐടിയു അംഗമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്
പാലക്കാട്: വാളയാറില്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി സിഐടിയു പ്രവര്‍ത്തകനെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് പറയുന്നത്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ ബിജെപിയുമായി ബന്ധപ്പെട്ടവരാണ്. പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജിനീഷ് പ്രതികളെ കാണാന്‍ വാളയാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ തെഹ്‌സീന്‍ പൂനെവാല കേസിലെ വിധി പ്രകാരം പാലക്കാട് ജില്ലാ പോലിസ് മേധാവി അജിത് കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. പത്ത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. എസ്.സി-എസ്.ടി വകുപ്പ് അടക്കമുള്ളവ കേസില്‍ ഉള്‍പ്പെടുത്തും. കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.