പാലക്കാട്ടെ ആള്‍ക്കൂട്ടക്കൊല: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Update: 2025-12-20 13:05 GMT

തൃശൂര്‍: ഛത്തീസ്ഗഢില്‍ നിന്നെത്തിയ രാം നാരായണന്‍ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് 'ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ഭാഗേല്‍ ആക്ഷന്‍ കമ്മറ്റി' രൂപീകരിച്ചു. ഉത്തരേന്ത്യയില്‍ സംഘപരിവാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളില്‍ വംശീയവും മതപരവും ജാതീയവുമായ വിദ്വേഷങ്ങള്‍ വളര്‍ത്തി അപരനെ തല്ലിക്കൊല്ലുന്ന രാഷ്ട്രീയ പദ്ധതിക്ക് കേരളത്തില്‍ ഇടം നല്‍കാതിരിക്കാന്‍ ജനകീയ പ്രതിരോധ ങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട രാംനാരായണന്‍ അതിശക്തമായ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനാക്കപ്പെട്ടതായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഈ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരമെന്ന നിലയില്‍ 25 ലക്ഷം രൂപ അനുവദിക്കുക.

2018ലെ തെഹ്‌സിന്‍ പൂനെ വാല-യൂണിയന്‍ ഗവ. ഓഫ് ഇന്ത്യ വിധിയിലെ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ഈ കേസില്‍ പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തണമെന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മറ്റിയുടെ മുന്‍കൈയ്യില്‍ വൈകുന്നേരം 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ കെ അരവിന്ദാക്ഷന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു.

ഐ ഗോപിനാഥ്, അഡ്വ.നിസാര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), പി എന്‍ പ്രൊവിന്റ് (സിപിഐ എംഎല്‍, റെഡ്സ്റ്റാര്‍,) ഡോ.കെ ബാബു (എസ്‌യുസിഐ), അഡ്വ.പ്രമോദ് പുഴങ്കര, ടി ആര്‍ രമേഷ്, ഡോ.ഹരി (ജനകീയ മനഷ്യാവകാശ പ്രസ്ഥാനം), റെനി ആന്റണി (പിയുസിഎല്‍), ടി കെ മുകുന്ദന്‍ (കേരള അസംഘടിത വിമോചന പ്രസ്ഥാനം), ജയപ്രകാശ് ഒളരി നന്ദി പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ സംഘാടനത്തിന് എ എം ഗഫൂര്‍ നേതൃത്വം നല്‍കി.