എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോവാന്‍ എല്‍ഡിഎഫ് തീരുമാനം; ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Update: 2025-02-19 15:00 GMT

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി മുന്നോട്ടുപോവാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പ് മറികടന്നാണ് തീരുമാനം. പ്രദേശത്ത് കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ലെന്നും സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമുള്ള സിപിഎം നിലപാട് എല്‍ഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു.

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന വ്യാപക ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സ്പിരിറ്റ് ഇവിടെ ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും എന്നത് മദ്യനയത്തിന്റെ ഭാഗമാണ്. അത് സര്‍ക്കാര്‍ തീരുമാനമാണ്. അത് അങ്ങനെ മുന്നോട്ടു പോകും, കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത തരത്തിലാകും മുന്നോട്ടുപോകുക. വിഷയത്തില്‍ വ്യക്തത വരുത്തിയാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. ഘടകക്ഷികള്‍ അവരുടെ അഭിപ്രായങ്ങള്‍ മുന്നണിയില്‍ പറയും. അത് ചര്‍ച്ച ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതാണ് മുന്നണി രീതി. കിഫ്ബി ടോളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല നിലയില്‍ വിജയം കൈവരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും. മുഖ്യമന്ത്രി ആര് എന്നത് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. അത് അപ്പോള്‍ തീരുമാനിക്കും. അതിന് കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.