ഇറാന്‍-യുഎസ് ചര്‍ച്ച: പാകിസ്താന്‍ തലസ്ഥാന നഗരിയില്‍ 'ലോക്ക് ഡൗണ്‍' പ്രഖ്യാപിച്ചു

Update: 2026-04-10 14:41 GMT

ഇറാന്‍-യുഎസ് ചര്‍ച്ചക്ക് വേദിയാകുന്ന പാകിസ്താന്റെ തലസ്ഥാന നഗരയില്‍ 'മള്‍ട്ടി ലെയര്‍' സുരക്ഷയൊരുക്കി പാകിസ്താന്‍ അധികൃതരും സൈന്യവും. ലോകം ഉറ്റുനോക്കുന്ന അതീവ പ്രധാന്യമുള്ള ചര്‍ച്ചയായതിനാല്‍ തലസ്ഥാന നഗരയിലെ റെഡ് സോണില്‍ 'ലോക്ക് ഡൗണ്‍' പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

സൈനികര്‍, സ്‌പെഷ്യല്‍ സര്‍വീസ് കമാന്‍ഡോകള്‍, പോലിസ് എന്നിവരുള്‍പ്പെടെ ഏകദേശം 10,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികളുടെ ഭാഗമാണ്. ഇത് ഒരു മള്‍ട്ടി-ലെയര്‍ സുരക്ഷാ സജ്ജീകരണമാണ്. സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഒരു ദിവസം അവധി നല്‍കിയിട്ടുണ്ട്. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുന്നു. റിപോര്‍ട്ടില്‍ പറയുന്നു.

നിരവധി പ്രതിനിധികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ വിവരങ്ങള്‍ പാകിസ്താന്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആഴ്ച്ചകളായി തുടരുന്ന പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഇറാന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ മതിയാകില്ല, പൂര്‍ണ യുദ്ധ വിരാമമാണ് തങ്ങളുടെ ആവശ്യമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാകിസ്താന്‍ അധികൃതരുടെ നിരന്തരമായ ഇടപെടലിന് ഒടുവില്‍ ഇറാന്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പൂര്‍ണ യുദ്ധ വിരാമവും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍.

Tags: