20 പാക് സൈനികരെ വധിച്ചെന്ന് ബലൂച് വിമതര്‍; വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ട്രെയ്‌നിലെ 182 യാത്രക്കാരെ വധിക്കുമെന്ന് മുന്നറിയിപ്പ് (video)
ക്വറ്റ(പാകിസ്താന്‍): പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും തട്ടിയെടുത്ത ട്രെയ്‌നിലുണ്ടായിരുന്ന 20 പാക് സൈനികരെ വധിച്ചെന്ന് ബലൂചിസ്ഥാന്‍ ലിബേറഷന്‍ ആര്‍മി. പ്രവിശ്യയില്‍ പാക് സൈന്യം വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ട്രെയ്‌നിലെ 182 ബന്ദികളെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ന് വൈകീട്ടാണ് ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബോലാന്‍ ജില്ലയിലെ തുരങ്കത്തില്‍ വെച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പിടിച്ചത്.
ട്രെയ്‌നിലുണ്ടായിരുന്ന പാക് സൈനികരെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുത്തിയാണ് വിമതര്‍ ട്രെയ്ന്‍ പിടിച്ചത്. പാകിസ്താന്റെ അഫ്ഗാനിസ്താന്‍, ഇറാന്‍ അതിര്‍ത്തിയിലെ ബലൂചിസ്താന്‍ പ്രവിശ്യയെ സ്വതന്ത്രരാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ഇന്ത്യന്‍സര്‍ക്കാരുമായി ഇതിന് ബന്ധമുണ്ടെന്ന് കാലങ്ങളായി പാക് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.