കോഴിക്കോട് ജീവിക്കുന്ന പാകിസ്താന്‍ പൗരത്വമുള്ള മൂന്ന് പേര്‍ രാജ്യം വിടണമെന്ന് പോലിസ്; നോട്ടിസ് നല്‍കി, ഞായറാഴ്ച്ചക്കുള്ളില്‍ രാജ്യം വിടണം
കോഴിക്കോട്: ജില്ലയില്‍ താമസിക്കുന്ന പാകിസ്താന്‍ പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ്. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിലെത്തിയവര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. കൊയിലാണ്ടി സ്വദേശിയായ ഒരാള്‍ക്കും വടകര സ്വദേശികളായ രണ്ടുപേര്‍ക്കുമാണ് പോലിസ് നോട്ടിസ് നല്‍കിയത്. കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് നോട്ടിസ് പറയുന്നു.
കേരളത്തില്‍ ജനിച്ച ഹംസ 1965ല്‍ ജോലിക്കായി പാകിസ്താനിലെ കറാച്ചിയിലേക്ക് പോയതാണ്. അവിടെ കടനടത്തിയിരുന്ന സഹോദരനൊപ്പം കൂടി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോള്‍ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചു. 2007ല്‍ കറാച്ചിയിലെ ബിസിനസ് അവസാനിപ്പിച്ച് കേരളത്തില്‍ എത്തി.
കറാച്ചിയില്‍ ബിസിനസ് നടത്തുകയായിരുന്ന പിതാവ് മരിച്ചശേഷം 1992ലാണ് ഖമറുന്നീസയും അസ്മയും കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ല്‍ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്.ഒരു പെരുവണ്ണാമുഴി സ്വദേശിക്കും നോട്ടീസ് ലഭിച്ചു.കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പൗരന്‍മാരുടെ വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് രണ്ടു ദിവസം കൂടി സാവകാശം നല്‍കിയിട്ടുണ്ട്.
