പാകിസ്താന്‍ മുക്ക് റോഡിന്റെ അറ്റകുറ്റപണി; മന്ത്രി റിയാസിനെതിരേ കെ പി ശശികല

Update: 2025-10-12 16:20 GMT

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പാകിസ്താന്‍ മുക്ക് റോഡിന്റെ അറ്റകുറ്റപണി നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരേ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. പൊതുമരാമത്ത് വകുപ്പ് നന്നാക്കിയ റോഡില്‍ 'പാകിസ്താന്‍ മുക്ക്' എന്ന പേര് നിലനിര്‍ത്തിയതിനാണ് വിമര്‍ശനം. 'സിപിഎം ചായത്തില്‍ വീണാലും സുഡാപ്പി സുഡാപ്പി തന്നെയല്ലേ' എന്ന അടിക്കുറിപ്പോടെയാണ് ശശികല സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്.

കടമ്പനാട്ട് നിന്ന് ഏനാത്തേക്കുള്ള വഴിയില്‍ രണ്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ പാകിസ്താന്‍ മുക്കായി. കടകളുടെ ബോര്‍ഡിലും പോസ്റ്ററുകളിലും ബാനറുകളിലുമെല്ലാം പാകിസ്താന്‍മുക്കുണ്ട്. കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ ഐവര്‍കാല പടിഞ്ഞാറ് വടക്ക് വാര്‍ഡിലാണ് പാകിസ്താന്‍ മുക്ക്. നിരവധി പതിറ്റാണ്ടുകളായി ഈ നാട് പാകിസ്താന്‍ മുക്കാണ്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെ പ്രിയദര്‍ശിനി നഗറെന്ന് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അവസാനം അവരും പഴയ പേര് തന്നെ വിളിച്ചു. എന്നാല്‍ പേര് മാറ്റണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.