പത്മരാജന്‍ ജയിലിലായി; പാലത്തായിയിലേത് പോരാട്ടത്തിന്റെയും വിജയം

Update: 2025-11-15 11:16 GMT

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ എന്ന പപ്പുമാഷിനെ മരണം വരെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. പത്മരാജനെ സംരക്ഷിക്കാന്‍ പോലിസിലെ ഒരുവിഭാഗവും ഭരണസംവിധാനത്തിലെ ചിലഭാഗങ്ങളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സ്‌കൂളിലെ അധ്യാപകനും ബിജെപിയുടെ നേതാവുമായ പത്മരാജന്‍ എന്ന പപ്പുമാഷ് പീഡിപ്പിച്ചു എന്ന കാര്യം മാതൃ സഹോദരിയോടാണ് പീഡന വിവരം നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി ആദ്യം പറയുന്നത്. കുട്ടിയുടെ അമ്മാവന്‍ 2020 മാര്‍ച്ച് 16ന് രാത്രി പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരോട് വിവരം പങ്കുവച്ചു. തുടര്‍ന്നാണ് നിയമനടപടി ആരംഭിക്കുന്നത്. പിന്നീട് തല്‍പരകക്ഷികള്‍ കേസ് അട്ടിമറിക്കാന്‍ പലതരം ശ്രമങ്ങള്‍ നടത്തി. പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അതില്‍ നിന്ന് ഒഴിവാക്കാനും ശ്രമമുണ്ടായി. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കണമെന്ന യുവമോര്‍ച്ച നേതാവിന്റെ ആവശ്യം പാലിക്കാനെന്ന പേരില്‍ കുട്ടിയെ കൗണ്‍സിലിങ് വിധേയമാക്കാനും പോലിസ് തീരൂമാനിക്കുകയുണ്ടായി.

കേസെടുത്ത ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാതെ പരാതിക്കാരിയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്യുകയാണ് പോലിസ് ചെയ്തത്. പത്മരാജനെ കുറിച്ചുള്ള വിവരങ്ങള്‍ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പോലിസില്‍ വിളിച്ച് പറഞ്ഞിട്ടും പോലിസ് അയാളെ പിടികൂടാന്‍ തയ്യാറായില്ല. പിന്നീട് ആര്‍ ശ്രീജിത്ത് എന്ന ക്രൈംബ്രാഞ്ച് ഐജിയും കേസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. ഇന്ന് കേസില്‍ ശിക്ഷിക്കുന്ന ദിവസവും പ്രതി എസ്ഡിപിഐക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദി എസ്ഡിപിഐ ആണെന്നും പ്രതി ആരോപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പോക്‌സോ നിയമപ്രകാരമുള്ള തെളിവുകളാണ് പരിശോധിച്ചതെന്ന് കോടതി ഇതിന് മറുപടി നല്‍കി. നീതിക്കായുള്ള നിയമപരവും സാമൂഹികവുമായ പോരാട്ടത്തിന്റെ വിജയമാണ് പാലത്തായി കേസിലെ വിധി.