കണ്ണൂര്‍: ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ അനുനയനീക്കവുമായി സിപിഎം നേതാവ് പി ജയരാജന്‍. ഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്‍ അനുകൂലികളുടെ വീടുകളില്‍ പി ജയരാജന്‍ സന്ദര്‍ശനം നടത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പി ജയരാജന്‍ സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന. നേരത്തേ 2022ല്‍ കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ജയരാജനാണ് അനുനയനീക്കത്തിനായി എത്തിയിരുന്നത്. കുഞ്ഞികൃഷ്ണനുമായി ഏറ്റവും അടുത്തബന്ധമുള്ള നേതാവ് കൂടിയാണ് പി ജയരാജന്‍. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കാര്യം ചൊവ്വാഴ്ച സിപിഎം ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഇതിനുശേഷം ലോക്കല്‍ കമ്മിറ്റികളിലും യോഗംചേര്‍ന്നു. ഇതില്‍ വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയിലാണ് ജയരാജനെത്തിയത്. അതിനുശേഷമാണ് ജയരാജന്‍ കുഞ്ഞികൃഷ്ണന്‍ അനുകൂലികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ബൈക്ക് നശിപ്പിക്കപ്പെട്ടയാളുടെ വീട്ടിലും ജയരാജനെത്തി. ഇതിനുപുറമേ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും പ്രദേശത്തെ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലും ജയരാജന്‍ സന്ദര്‍ശനം നടത്തി.