മുനമ്പം വഖ്ഫ് ഭൂമി വിവാദം: ഹൈക്കോടതി പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം- പി അബ്ദുല്‍ ഹമീദ്

Update: 2025-10-11 13:49 GMT

തിരുവനന്തപുരം: മുനമ്പം ഭൂമി വഖ്ഫ് ഭൂമിയല്ല എന്ന കേരളാ ഹൈക്കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്റെ സാധുത തേടിയുള്ള അപ്പീല്‍ ഹരജിയില്‍ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത് എന്നത് ഏറെ ഖേദകരമാണ്. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. കോടതിയാവട്ടെ ഒരു പടി കൂടി മുന്നില്‍ കടന്ന് നടത്തിയിട്ടുള്ള നിരീക്ഷണം നിയമ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയുണ്ട്.

1971ല്‍ വന്ന സിവില്‍ ഹരജി തീര്‍പ്പാക്കുന്നതിനിടെ ഇത് വഖ്ഫ് ഭൂമിയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചതാണ്. മൂന്നോ അതിലധികമോ ജഡ്ജിമാര്‍ അടങ്ങിയ ബഞ്ചിനു മാത്രമേ ആ വിധി തിരുത്താനാകൂ. കൂടാതെ, ഇത്തരത്തിലുള്ള ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയാല്‍, നാളെ ഏതൊരു കെട്ടിടമോ നിര്‍മിതിയോ, അതില്‍ താജ്മഹലോ, ചെങ്കോട്ടയോ, നിയമസഭാ മന്ദിരമോ, അല്ലെങ്കില്‍ ഈ ഹൈക്കോടതി മന്ദിരം പോലുമോ ആകട്ടെ, ഏതെങ്കിലും ഒരു രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല എന്ന കോടതി പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണ്. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവരാന്‍ ഹിന്ദുത്വവാദികള്‍ മുന്നോട്ടുവെച്ച വാദഗതികള്‍ക്ക് പിന്‍ബലമേകുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായത് പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ്. മുനമ്പത്തെ വഖ്ഫ് ബോര്‍ഡ് നടപടികള്‍ ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്ന പരാമര്‍ശവും ഖേദകരമായി പോയി. എക്സ്ട്രാ ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യാവകാശങ്ങളെ ഹനിക്കുന്നതായി മാറുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.